വാട്സ്ആപ് ചാറ്റിനെ തുടർന്നുണ്ടായ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു
text_fieldsവിമൽ
മംഗലപുരം: ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വിമലിെൻറ സഹോദരിയുമായി വിഷ്ണു നടത്തിയ വാട്സ്ആപ് ചാറ്റിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.
രാത്രി ഒമ്പതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. സമീപത്തെ നഴ്സിങ് ഹോസ്റ്റലിന് സമീപമെത്തിയപ്പോൾ ഇവർ തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി.
ആക്രമണത്തിനിടെ വിഷ്ണുവിെൻറ നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. ആക്രമണത്തിനിടെ വിമലിനും പരിക്കേറ്റു.
ആശുപത്രിയിലായ വിമൽ പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച വിഷ്ണു സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. മംഗലപുരം പൊലീസ് അന്വേഷണമാരംഭിച്ചു.

