തൃശൂരിലും മേയർ സ്ഥാനത്തേക്ക് തർക്കം രൂക്ഷം; ലാലിയോ നിജിയോ?, നാളെ അറിയാം
text_fieldsലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിൻ
തൃശൂർ: തൃശൂർ കോർപറേഷനിൽ കേവല ഭൂരിപക്ഷം നേടിയ കോൺഗ്രസിൽ മേയർ സ്ഥാനാർഥിയെച്ചൊല്ലി തർക്കം രൂക്ഷം. ബുധനാഴ്ച രാത്രി വരെയും പ്രശ്നം പരിഹരിക്കാനായിട്ടില്ല. വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ചയാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. നാല് തവണ വീതം കൗൺസിലർമാരായ ലാലി ജെയിംസ്, സുബി ബാബു, കന്നി മത്സരത്തിൽ വിജയിച്ച ഡോ. നിജി ജസ്റ്റിൻ എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നത്. അവസാന ഘട്ടമെത്തിയപ്പോൾ ലാലി ജെയിംസും നിജി ജസ്റ്റിനും എന്ന നിലയിലെത്തി.
സമരങ്ങളിലൂടെ തൃശൂരിൽ നിറഞ്ഞുനിൽക്കുന്ന ലാലി ജെയിംസിനായിരുന്നു ആദ്യ ഘട്ടത്തിൽ മുൻഗണന. എന്നാൽ, അവസാന ഘട്ടമായപ്പോഴേക്കും ഡോ. നിജി ജസ്റ്റിനും പിന്തുണ വർധിച്ചു. ലാലിക്ക് വേണ്ടി തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് വാദിക്കുമ്പോൾ നിജിക്ക് പിന്നിൽ സഭയുടെ സ്വാധീനമുണ്ട്. നേരത്തേ ഡെപ്യൂട്ടി മേയറായിരുന്ന സുബി ബാബുവിനും അവസരം നൽകണമെന്ന വാദം ഉയരുന്നുണ്ട്.
അതേസമയം, മേയർ സ്ഥാനം മൂന്ന് തവണയായി വിഭജിക്കാൻ കെ.പി.സി.സി അനുമതിയില്ല. ഈ സാഹചര്യത്തിൽ ലാലി ജെയിംസിനും നിജി ജസ്റ്റിനുമായി പകുത്ത് നൽകുന്നതാണ് പരിഗണിക്കുന്നത്. ആർക്കാണ് ആദ്യ ടേമെന്നതിലും തർക്കം തുടരുന്നു. മൂന്ന് പ്രാവശ്യം കൗൺസിലറായിരുന്ന ലാലി ജെയിംസിന്റെ പരിചയ സമ്പത്തിന് മുൻഗണന നൽകണമെന്ന് പ്രാദേശിക നേതാക്കളും പ്രവർത്തകരും വാദിക്കുന്നു.
ഇതോടൊപ്പം കൗൺസിലിൽ ഇടതുപക്ഷത്തെയും ബി.ജെ.പിയെയും നേരിടാൻ പരിചയ സമ്പത്ത് അനിവാര്യമാണെന്നും ആദ്യ ടേമിൽ തന്നെ കന്നിയങ്കത്തിൽ വിജയിച്ച നിജി ജസ്റ്റിനെ ആക്കിയാൽ തിരുവനന്തപുരത്ത് സി.പി.എം ആര്യ രാജേന്ദ്രനെ മേയറാക്കി പോലെയാകുമെന്നും നേതാക്കൾ പറയുന്നു. ആദ്യ ടേമിൽ ലാലിയെ മേയറാക്കുകയും രണ്ടാം ടേമിൽ നിജിക്ക് തിളങ്ങാൻ കഴിയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഒല്ലൂർ നിയമസഭ സീറ്റിൽ അവസാന നിമിഷം ഒഴിവാക്കപ്പെട്ടയാൾ ആണെന്നതും പാർട്ടിയുടെ പദവികൾ വഹിച്ചിട്ടുണ്ടെന്നതും കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വവുമായുള്ള ബന്ധവും സഭയുടെ പിന്തുണയും നിജിയെ തുണക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഡെപ്യൂട്ടി മേയറായി കെ.പി.സി.സി സെക്രട്ടറി എ. പ്രസാദിനാണ് സാധ്യത. രണ്ടാം ടേമിൽ ബൈജു വർഗീസിനും അവസരം ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

