ആദ്യം ആര് പെട്രോളടിക്കുമെന്നതിനെച്ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു
text_fieldsപിടിയിലായ സജിൻ, ഹേമന്ത്.
അഞ്ചൽ (കൊല്ലം): പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വന്നവർ തമ്മിൽ മുൻഗണനാക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം ചാല സ്വദേശി സിദ്ദീഖിനാണ് (25) വെട്ടേറ്റത്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി സജിൻ (21), തിരുവനന്തപുരം കൊല്ലംകോട് സ്വാദേശി ഹേമന്തു (24) എന്നിവരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചൽ ഏറം സ്വദേശി സാജൻ ഒളിവിലാണ്.
കഴിഞ്ഞ 11ന് രാത്രി അഞ്ചൽ - ആയൂർ പാതയിൽ പെരുങ്ങള്ളൂരിലെ പട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി വാനിൽ എത്തിയ സാജനും ബൈക്കിലെത്തിയ സിദ്ദീഖും തമ്മിൽ പെട്രോളടിക്കാൻ ആദ്യം വന്നത് തങ്ങളാണെന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. തുടർന്ന് സിദ്ദീഖ് സാജനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. തുടർന്ന് ഇരുകൂട്ടരും പിരിഞ്ഞുപോയി. എന്നാൽ സാജൻ ആയുധങ്ങളുമായി സുഹൃത്തുക്കളായ സജിൻ, ഹേമന്ത് എന്നിവരെ കൂട്ടി സിദിഖിനേയും കൂട്ടാളിയെയും അന്വേഷിച്ചിറങ്ങി. ആയുർ പാലത്തിന് സമീപത്തെ ഹോട്ടലിന് സമീപം വെച്ച് സിദ്ദീഖിനെയും സുഹൃത്തിനെയും കണ്ടെത്തി. തുടർന്ന് വടിവാളുപയോഗിച്ച് സിദ്ദീഖിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സിദ്ദീഖിനോടൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
തലയ്ക്കു ഗുരുതരമായി വെട്ടേറ്റ സിദ്ദീഖിനെ നാട്ടുകാരും ചടയമംഗലം പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. വെട്ടേറ്റ സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. സിദ്ദീഖിൻെറ പേരിൽ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
സി.സി.ടി.വി പരിശോധിച്ച ചടയമംഗലം പൊലീസ് കൃത്യത്തിന് ഉപയോഗിച്ച വാഹനം കടമാൻ കോട്ടിലുണ്ടെന്ന് കണ്ടെത്തി. സ്ഥലത്തെത്തിയപ്പോൾ പൊലീസിനെ വെട്ടിച്ച് അഞ്ചൽ വഴി പുനലൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ രക്ഷപ്പെട്ടു. അഞ്ചൽ ചടയമംഗലം, പുനലൂർ പൊലീസുകൾ വാഹനം പിന്തുടർന്ന് കരവാളൂരിന് സമീപം സജിൻ, ഹേമന്ത് എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പുനലൂർ എസ്.എച്ച്.ഒയുടെ വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലിലിടിച്ചാണ് പ്രതികളുടെ വാഹനം നിന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.