തൃശൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി; പോസ്റ്റർ പ്രചാരണവും കൂട്ടരാജിയും
text_fieldsസേവ് കോൺഗ്രസ് ഫോറം മണലൂരിൽ പതിച്ച പോസ്റ്റർ
തൃശൂർ: തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ പരസ്യപ്രതിഷേധം.
സ്ഥാനാർഥികൾക്കെതിരെ പോസ്റ്റർ പ്രചാരണവും കൂട്ടരാജിയും. സാധ്യത പട്ടിക പുറത്ത് വന്നതോടെയാണ് പ്രതിഷേധമുയർന്നത്.
പുറത്തു നിന്നുള്ള സ്ഥാനാർഥികളെ വേണ്ടെന്ന് പ്രഖ്യാപിച്ച് ചാലക്കുടിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിന് പിന്നാലെ വെള്ളിയാഴ്ച കൂട്ടരാജിയോടെയാണ് പ്രതിഷേധം കനപ്പിച്ചത്. 33 ബൂത്ത് പ്രസിഡൻറുമാരും എട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരുമാണ് രാജിയറിയിച്ചത്.
ഇവിടെ കെ.പി.സി.സി സെക്രട്ടറി ടി.ജെ. സനീഷ്കുമാറാണ് സ്ഥാനാർഥി സാധ്യത പരിഗണയിൽ. പുതുക്കാട് മണ്ഡലത്തിലും സമാന പ്രതിഷേധമുയർന്നു. പുറത്തുനിന്ന് സ്ഥാനാർഥിയെ ഇറക്കി മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാർ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി.
ഇവിടെ ഡി.സി.സി വൈസ് പ്രസിഡൻറ് ഡോ. നിജി ജസ്റ്റിനെയാണ് പരിഗണിക്കുന്നത്. മണലൂരിൽ കോൺഗ്രസിന് ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്നാവശ്യപ്പെട്ട് സേവ് കോൺഗ്രസ് ഫോറം എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചു. ഇവിടെ കോർപറേഷൻ മുൻ െഡപ്യൂട്ടി മേയർ സുബി ബാബുവിനെയാണ് പരിഗണിക്കുന്നത്.
സംവരണ മണ്ഡലമായ ചേലക്കരയിൽ കെ.പി.സി.സി സെക്രട്ടറി കൂടിയായ സി.സി. ശ്രീകുമാറിനെയാണ് പരിഗണിക്കുന്നത്. മറ്റിടങ്ങളിൽ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ ചേലക്കരയിൽ ശ്രീകുമാറിനെതിരെ ഫ്ലക്സ് ബോർഡുകളാണ് ഉയർന്നത്. വിജയസാധ്യതയില്ലാത്ത ശ്രീകുമാറിനെ ചേലക്കരക്ക് വേണ്ട എന്ന് ഫ്ലക്സ് ബോർഡ്.
ഇവിടെ ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. ദാസനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ ഒമ്പത് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികൾ രാഹുൽഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞദിവസം ഇരിങ്ങാലക്കുടയിലും പ്രതിഷേധ പ്രകടനമുയർന്നു.
കൊടുങ്ങല്ലൂരിൽ സി.എസ്. ശ്രീനിവാസനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടന്നത്. നിലവിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കരയും, തൃശൂരിൽ പത്മജ വേണുഗോപാലും ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് ജോസഫിലെ തോമസ് ഉണ്ണിയാടനുമാണ് സീറ്റുറപ്പിച്ച് പ്രചാരണ രംഗത്ത് സജീവമായിട്ടുള്ളത്. അനിൽ അക്കര നേരത്തെ തന്നെ പ്രചാരണം തുടങ്ങിയപ്പോൾ, പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസമാണ് സജീവമായത്.
സ്ഥാനാർഥികളിൽ വ്യക്തത വരാത്തതിനാൽ മറ്റു പ്രവർത്തകരും കാത്തിരിപ്പിലാണ്. ഇടതുമുന്നണിയാവട്ടെ മണ്ഡലം കൺവെൻഷനുകളിലേക്ക് കടന്നു. വെള്ളിയാഴ്ച ഏഴ് മണ്ഡലം കൺവെൻഷനുകളാണ് പൂർത്തിയാക്കിയത്. കേരള കോൺഗ്രസിന് വിട്ടു നൽകിയ ചാലക്കുടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തും മന്ത്രി വി.എസ്. സുനിൽകുമാറും, പുതുക്കാട് മന്ത്രി സി. രവീന്ദ്രനാഥും ഗുരുവായൂരിലും ചേലക്കരയിലും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണുമാണ് പങ്കെടുത്തത്. ശനിയാഴ്ച ആറിടത്തെ കൂടി പൂർത്തിയാവുന്നതോടെ നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തിയാവും. ബി.ജെ.പിയാവട്ടെ മണ്ഡലം യോഗങ്ങളിലാണ്.
ചേലക്കരയിൽ കെ.വി ദാസനെ സ്ഥാനാർഥി ആക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്
ചേലക്കര: മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.വി. ദാസനെ സ്ഥാനാർഥിയാക്കണാവശ്യപ്പെട്ട് മണ്ഡലത്തിലെ ഒമ്പത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
നിലവിൽ പരിഗണിക്കുന്ന വ്യക്തികൾക്ക് വിജയസാധ്യത കുറവാണെന്നും അതിനാൽ ജനബന്ധമുള്ള മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.വി. ദാസനെ സ്ഥാനാർഥിയാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
കോൺഗ്രസ് ദേശീയ നേതാക്കളായ എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവർക്കും ഇതേ ആവശ്യത്തിൽ ബ്ലോക്ക് കമ്മിറ്റികൾ കത്ത് നൽകിയിട്ടുണ്ട്.
ഇതിനിടയിൽ സ്ഥാനാർഥിക്കെതിരെ വിവിധയിടങ്ങളിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. വിജയസാധ്യത ഇല്ലാത്ത സി.സി. ശ്രീകുമാറിനെ ചേലക്കരക്ക് വേണ്ട എന്നെഴുതിയ ബാനർ സേവ് കോൺഗ്രസ് എന്ന പേരിലാണ് തിരുവില്വാമലയിൽ പ്രത്യക്ഷപ്പെട്ടത്.
മണലൂരിൽ കോൺഗ്രസിൽ പ്രതിഷേധം പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
കാഞ്ഞാണി: യു.ഡി.എഫിന് സ്വാധീനമുള്ള മണലൂർ മണ്ഡലത്തിൽ യാതൊരു ബന്ധമില്ലാത്ത ദുർബലയായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിെൻറ തീരുമാനങ്ങൾക്കെതിരെ സേവ് കോൺഗ്രസ് ഫോറം നോട്ടീസിലൂടെ പ്രതിഷേധിച്ചു. വി.എം. സുധീരൻ അടക്കം പ്രബലർ വിജയിച്ച മണലൂരിൽ അധികവും യു.ഡി.എഫിനെയാണ് വിജയിപ്പിച്ചു പോന്നിട്ടുള്ളത്.
പ്രമുഖരെ മത്സരിപ്പിച്ചാൽ ഇത്തവണ വിജയം ഉറപ്പാണ്. പോരാട്ടം ശക്തമാകേണ്ട അവസ്ഥയുള്ളപ്പോൾ പ്രമുഖരെ അണിനിരത്താതെ അറിയപ്പെടാത്ത വ്യക്തിയെ കെട്ടിയിറക്കുക വഴി മണലൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും ബി.ജെ.പി പോലുള്ള പ്രസ്ഥാനങ്ങൾക്ക് വിജയസാധ്യത കൂട്ടാനും അനുവദിക്കില്ലെന്ന് ഫോറം വ്യക്തമാക്കുന്നു.
നിരവധി നേതാക്കൾ ഉണ്ടായിട്ടും വർഷങ്ങളായി സീറ്റിനായി കാത്തിരിക്കുന്നവരെ വെട്ടിമാറ്റുകയാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ചെയ്തതെന്നാണ് ആരോപണം. വി.എം. സുധീരനെയും തഴഞ്ഞതായും ഇവർ ആരോപിച്ചു. ഉചിതമായ സ്ഥാനാർഥിയെ രംഗത്തിറക്കിയില്ലെങ്കിൽ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുമെന്ന നിലപാടിലാണ് ഫോറം പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

