അനധികൃത സ്വത്തു സമ്പാദനക്കേസ്: എം.ആര്‍. അജിത്കുമാറിന് ആശ്വാസം, വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേ
text_fieldsഎംആർ അജിത് കുമാർ
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈകോടതി സ്‌റ്റേ ചെയ്തു. ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. കേസ് പരിഗണിക്കവെ വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, വിശദമായ വാദം കേള്‍ക്കുന്നതു വരെ വിജിലന്‍സ് കോടതി വിധിയില്‍ സ്‌റ്റേ അനുവദിക്കുകയായിരുന്നു.
കേസിൽ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈകോടതി സൂചിപ്പിച്ചു. സര്‍ക്കാറിന്റെ അനുമതിയില്ലെങ്കിലും കേസ് നിലനില്‍ക്കുമെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് തള്ളിക്കളഞ്ഞതിനെതിരെയാണ് എം.ആര്‍ അജിത് കുമാര്‍ ഹൈകോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം അഴിമതി നിരോധന നിയമത്തിലെ 17 (എ) ചട്ടപ്രകാരം നിലനില്‍ക്കുന്നതാണോ എന്ന് കോടതി കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കില്‍ അനുമതി തേടേണ്ടതായിരുന്നു എന്നും ജസ്റ്റിസ് ബദറുദീന്‍ വ്യക്തമാക്കി.
മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് നേരത്തെ ഹരജി പരിഗണിച്ച ഹൈകോടതി വിജിലന്‍സിനോട് ചോദിച്ചിരുന്നു. കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാനും ഹൈകോടതി ആവശ്യപ്പെട്ടു.
സർക്കാറിന്‍റെ മുൻകൂർ അനുമതിയോടെ മാത്രമേ വിജിലൻസിന്‍റെ പ്രാഥമികാന്വേഷണം പോലും നടത്താനാകുവെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ആരോപണം എത്ര ഗുരതരമായാലും നിയമപരമായ നടപടി മാത്രമേ സ്വീകരിക്കാനാവൂ. സർക്കാർ അനുമതി തേടാൻ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു വിജിലൻസ് കോടതി ചെയ്യേണ്ടിയിരുന്നത്. കേസിൽ കക്ഷി ചേരാനുള്ള പരാതിക്കാരന്‍റെ അപേക്ഷയും കോടതി പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

