സി.ഡി വിശ്വാസ്യയോഗ്യമല്ലെന്ന്; കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെയുള്ള രണ്ടാമത്തെ പരാതിയും തള്ളി
text_fieldsതിരുവനന്തപുരം: കുണ്ടറ പീഡന കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ പരാതി വീണ്ടും ലോകായുക്ത തള്ളി. വിവരാവകാശ പ്രവര്‍ത്തകനായ പായ്ചിറ നവാസ് നൽകിയ പരാതിയാണ് തള്ളിയത്. സ്വന്തം പാർട്ടിയുടെ ലോക്കൽ നേതാവിനോടാണ് മന്ത്രി സംസാരിച്ചത്, അതിനെ കേസിൽ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ല. തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.
എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ലോകായുക്തക്ക് നവാസ് ഹരജി നല്‍കിയത്. ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്തരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
അഡ്വ. ജിജ ജെയിംസാണ് മന്ത്രിക്കെതിരെ ആദ്യം ലോകായുക്തയിൽ പരാതി നല്‍കിയത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഇടപെട്ടുവെന്നും മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും പുറത്താക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെഫോണിൽ വിളിച്ച് കേസ് നല്ലരീതിയിൽ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടതാണ് മന്ത്രിയെ വിവാദത്തിലാക്കിയത്.

