Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പിരിച്ചുവിട്ട ഉത്തരവ്...

'പിരിച്ചുവിട്ട ഉത്തരവ് വന്നത് മുതൽ സൈബർ സഖാക്കളുടെ വർഗീയ ചാപ്പകുത്താണ്, 22 വർഷത്തെ പൊലീസ് ജീവിതമാണ് അവസാനിച്ചത്, ജനുവരി മുതൽ മറ്റൊരു തൊഴിൽ'; ഉമേഷ് വള്ളിക്കുന്ന്

text_fields
bookmark_border
പിരിച്ചുവിട്ട ഉത്തരവ് വന്നത് മുതൽ സൈബർ സഖാക്കളുടെ വർഗീയ ചാപ്പകുത്താണ്, 22 വർഷത്തെ പൊലീസ് ജീവിതമാണ് അവസാനിച്ചത്, ജനുവരി മുതൽ മറ്റൊരു തൊഴിൽ; ഉമേഷ് വള്ളിക്കുന്ന്
cancel

കോഴിക്കോട്: അച്ചടക്കം തുടർച്ചയായി ലംഘിച്ചുവെന്നാരോപിച്ച് പൊലീസിൽ നിന്ന് പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്.

ഡിസ്മിസ്സൽ ഓർഡർ വീട്ടിലെത്തിയ പൊലീസുകാരുടെ നടപടിയെ വിമർശിച്ചും ഉത്തരവ് വന്നപ്പോൾ മുതലുള്ള സൈബർ സഖാക്കളുടെ ചാപ്പകുത്തലിനെ കുറിച്ചും അവസാനത്തെ വീഴ്ച വരെ നിയമപോരാട്ടം തുടരുമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"പ്രിയമുള്ളവരെ, അങ്ങനെ നമ്മൾ പ്രതീക്ഷയോടെ കാത്തിരുന്ന ആ "ഡിസ്മിസ്സൽ ഓർഡർ" ഇന്നലെ കൈപ്പറ്റി.എല്ലാവരും വാർത്തകളിൽ നിന്ന് അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഒരു പാട് സുഹൃത്തുക്കൾ പോസ്റ്റ്‌ ഇട്ട് പിന്തുണ അറിയിച്ചിട്ടുമുണ്ട്. എഎല്ലാവരോടും സ്നേഹം. എനിക്ക് ഇന്നലെ എഴുതാൻ പറ്റിയില്ല. (ചുരുക്കി എഴുതിയാൽ പോര എന്ന് തോന്നിയിരുന്നു.)

പത്തനംതിട്ട എസ്. പി. യുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ, വീട് കണ്ടുപിടിച്ച്, കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നു. കൂടെ GST യിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ ഒരാളും ഉണ്ടായിരുന്നു. വീട്ടിൽ ഞാൻ ഉണ്ടായിരുന്നില്ല. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് വന്ന് വെളുപ്പിന് 2 മണിയോടെ ഉറങ്ങാൻ കിടന്ന ആതിര ഉണർന്നിരുന്നില്ല. ബെല്ലടി കേട്ട് എണീറ്റ് വാതിൽ തുറന്ന ആതിര, എന്നെ കാണാൻ വന്നവരാണെന്ന് പറഞ്ഞവരോട് ഞാൻ പുറത്ത് പോയതാണെന്ന് പറഞ്ഞു. വിശ്വാസം വരാത്ത അവർ അകത്തു കേറിക്കോട്ടെ എന്ന് ചോദിച്ച് അകത്തു കയറി കാത്തിരുന്നു. രാവിലെ മുഖം പോലും കഴുകാതെ വാതിൽ തുറന്ന ആതിര അപരിചിതരെ വീട്ടിൽ കയറ്റി പെട്ടുപോയ അവസ്ഥയിലായി. എന്നെ ഫോണിൽ വിളിക്കുന്നതിന്‌ മുൻപ്‌ തന്നെ ഞാൻ എത്തി.

ഓർഡർ ഒപ്പിട്ടു വാങ്ങി. അവർ തിരിച്ചു പോയ ശേഷമാണ്, അവരുടെ സാന്നിധ്യം ഉണ്ടാക്കിയ അസ്വസ്ഥതയെക്കുറിച്ച് അതിരയും വീട്ടിലുണ്ടായിരുന്ന നേഹയും പറഞ്ഞത്. അത് കൊണ്ടാണ് ഇവിടെ കുറിച്ചത്. സ്ത്രീകൾ മാത്രമുള്ള, പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പുരുഷുക്കളായ പോലീസുകാർ മിനിമം മര്യാദ കാണിക്കണം എന്നാണ് ഞാൻ കരുതുന്നത്. ഒരു കോൾ ചെയ്താൽ ഓർഡർ വാങ്ങാതെ മുങ്ങുന്ന പോലീസുകാരനാണ് ഞാൻ എന്ന് പത്തനംതിട്ട SP ക്കോ വന്ന പോലീസ് ഓഫീസർക്കോ ചിന്തയുള്ളത് കൊണ്ടാണ് ഈ പെരുമാറ്റം എങ്കിൽ സഹതാപം മാത്രമേയുള്ളു.

ഇനി കാര്യത്തിലേക്കു കടക്കാം. നമ്മൾ കൊടുത്ത മറുപടി അവർക്ക് തൃപ്തികരമല്ലാത്തതായിനാൽ പിരിച്ചു വിടും എന്ന് നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ്. അത് സംഭവിച്ചു. 21.12.2025 തീയതിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ മുതൽ ഞാൻ സർവീസിൽ ഇല്ല. പോലീസുകാരൻ എന്ന തൊഴിലിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു.

അപ്പീൽ, കേസ് എന്നിങ്ങനെ നടപടിക്രമങ്ങൾ കഴിഞ്ഞ് തിരിച്ചു കയറുകയാണെങ്കിൽ മാത്രമെ ഇനി ഞാനൊരു പോലീസുകാരൻ ആകുകയുള്ളു. അതുവരെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ. കേസും വ്യവഹാരങ്ങളും ക്രമത്തിൽ നടന്നു കൊള്ളും. അവസാനത്തെ വീഴ്ച വരെ നമ്മൾ പൊരുതും.

22 വർഷത്തെ പോലീസ് ജീവിതമാണ് അവസാനിച്ചത്. PSC അപേക്ഷ പൂരിപ്പിച്ച് അയച്ച അനിയത്തി ഉമ മുതൽ ഇന്നീ പോസ്റ്റ്‌ വായിക്കുന്നവർ വരെ ആയിരക്കണക്കിന് മനുഷ്യരോട് കടപ്പെട്ടിരിക്കുന്നു ഈ ഔദ്യോഗിക ജീവിതം. ആ കടപ്പാടിന്റെ ഹൃദ്യമായ അനുഭവങ്ങൾ പിന്നീട് ഓരോന്നായി എഴുതാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു.

ഇന്നലത്തെ ദിവസം മനോഹരമാക്കി മാറ്റിത്തന്ന മാധ്യമസുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അപരിചിതരായ മനുഷ്യർക്കും Hugs & Kisses. കൺഗ്രാജുലേഷൻ പറഞ്ഞു കൊണ്ട് ബൈറ്റ് എടുക്കാനെത്തിയ കൂട്ടുകാർ! മധുരപലഹാരങ്ങൾ ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച കൂട്ടുകാരി! പോസ്റ്റ്‌ കൊണ്ടും മെസ്സേജ് കൊണ്ടും വിളികൾ കൊണ്ടും ഒപ്പം നിന്നവർ! പരസ്യമായി പോസ്റ്റിടാൻ ധൈര്യം കാണിച്ച പോലീസുകാർ! എല്ലാവർക്കും അഭിവാദ്യങ്ങൾ.

ജീവിക്കാൻ ഇനി എന്ത് ചെയ്യും എന്ന ചോദ്യം ഉണ്ട്. ജനുവരി മുതൽ മറ്റൊരു തൊഴിൽ മേഖലയിലേക്ക് കടക്കും. കുറച്ച് അടുത്ത സുഹൃത്തുക്കളോട് കടം വാങ്ങിയിട്ടുണ്ട്. അത് കിട്ടില്ലെന്ന്‌ ആശങ്ക അവർക്ക് ഇല്ല എന്നതാണ് ആശ്വാസവും വിശ്വാസവും. ലോണുകൾക്ക് സാവകാശം എടുക്കും. പെന്റിങ് ഉള്ള ബുദ്ധിമുട്ടിക്കാതെ തരാൻ പത്തനതിട്ട എസ്. പി. മര്യാദ കാണിക്കും എന്ന് കരുതുന്നു.

ഇന്നലെ, പിരിച്ചു വിട്ട ഉത്തരവ് വന്നപ്പോൾ മുതൽ ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. മറുപടി അർഹിക്കുന്നുമില്ല. രണ്ടായിരത്തോളം വരുന്ന അവരും അവരുടെ തമ്പ്രാക്കാളും ഒഴികെ ബാക്കി സഖാക്കൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയക്കാരും ഈ പിരിച്ചുവിടലിന്റെ രാഷ്ട്രീയവും സ്വഭാവവും മനസ്സിലാക്കിയിട്ടിട്ടുണ്ട് എന്നത് അഭിമാനമാണ്.

എഴുത്തുകാരൻ ആകുക എന്നതായിരുന്നു കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നം. വഴികൾ മാറിമാറി പോയെങ്കിലും, ഒരു ചെറിയ എഴുത്തുകാരൻ എന്ന് ഐഡന്റിറ്റി മാറുകയും ഇഷ്ടമുള്ള വ്യത്യസ്തമായ തൊഴിലുകൾ ചെയ്യുകയും ആനന്ദത്തോടെ ജീവിക്കുകയും ചെയ്യുക എന്ന ഘട്ടത്തിലേക്കാണ് ജീവിതം ഈ ക്രിസ്മസ് ദിനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്" സ്വപ്നങ്ങളിലേക്ക് എത്തുന്ന വഴികൾ എത്ര വിചിത്രമാണ് എന്ന് വിസ്മയിക്കുകയാണ് ഈ നിമിഷം! ഈ നിമിഷത്തിൽ ഒപ്പമുള്ള എല്ലാവർക്കും ഉമ്മകൾ."



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceUmesh Vallikunnudismissal noticelatest news
News Summary - Dismissal from the police force: Umesh Vallikunnu responds
Next Story