സ്കൂൾ സമയമാറ്റ ചർച്ച; മദ്രസ സമയത്തിൽ മാറ്റം വരുത്തില്ലെന്ന് ഉമർ ഫൈസി മുക്കം
text_fieldsതിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ തൃപ്തരാണെന്ന് സമസ്ത നേതാക്കളും മാനേജ്‍മെന്റും. ഇതു സംബന്ധിച്ച് അടുത്ത വർഷം വീണ്ടും ചർച്ച ചെയ്യാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്ന് ഉമർ ഫൈസി മുക്കം പ്രതികരിച്ചു. സമവായ ഫോർമുല മുന്നോട്ട് വെച്ചത് സർക്കാറാണ്. മദ്രസ സമയത്തിൽ മാറ്റം വരുത്തില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ചർച്ചയിലെ തീരുമാനം അംഗീകരിക്കുന്നതായി കാന്തപുരം എ.പി വിഭാഗം നേതാക്കളായ സിദ്ദിക്ക് സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവർ അറിയിച്ചു. വിഷയത്തിൽ അടുത്ത വർഷം ചർച്ച ചെയ്യാം എന്നതിൽ പ്രതീക്ഷയുണ്ടെന്നും ഇവർ അറിയിച്ചു.
ഹൈസ്കൂള്‍ സമയമാറ്റം തുടരുമെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും അറിയിച്ചു. കോടതി വിധിയും വിദ്യാഭ്യാസ ചട്ടക്കൂടും അനുസരിച്ചാണ് രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും അധികമെടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളും പരാതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ മാനേജ്‌മെന്റുമായി യോഗം ചേര്‍ന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധങ്ങളും പരാതികളുമായി മുന്നോട്ട് പോകാൻ ആഗ്രഹമില്ലെന്നും എല്ലാവരുടെയും അഭിപ്രായം കേട്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും പരാതികൾ ഉണ്ടെങ്കിൽ അടുത്ത അധ്യയന വർഷം പരിശോധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

