വാട്സ്ആപ് ഗ്രൂപ്പിൽ സാദിഖലി തങ്ങള്‍ക്കെതിരെ പരാമർശം; ലീഗ് വയനാട് ജില്ല ട്രഷറെ പദവികളില്‍ നിന്ന് നീക്കി
text_fieldsകല്‍പറ്റ: അച്ചടക്കലംഘനത്തിന് മുസ്‍ലിംലീഗ് വയനാട് ജില്ല ട്രഷറർ യഹ്‍യാഖാന്‍ തലക്കലിനെതിരെ നടപടി. ട്രഷറർ സ്ഥാനമുൾപ്പെടെ പാർട്ടി പദവികളിൽനിന്ന് നീക്കിയതായി സംസ്ഥാനകമ്മിറ്റി അറിയിച്ചു. മുസ്‍ലിം ലീഗ് വയനാട് ജില്ല ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരാമർശം നടത്തിയ സംഭവത്തിലാണ് നടപടി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് മുസ്‍ലിംലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വയനാട് ജില്ലയിലെ കെ.എം. ഷാജി വിഭാഗത്തിലെ പ്രമുഖ നേതാവാണ് യഹ്‍യാഖാന്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് വിമര്‍ശനം നടത്തിയത്. താനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നില്‍ക്കുന്ന ഫോട്ടോ അധിക്ഷേപകരമായ അടിക്കുറിപ്പോടെ ഗ്രൂപ്പിലിടുകയായിരുന്നു. രാഷ്ട്രീയപരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട സമയത്ത് പിണറായിയെ ഇരു നേതാക്കളും സ്വീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരിഹാസം. യഹ്‍യാഖാന്റെ പരാമര്‍ശം ഗ്രൂപ്പില്‍ ചര്‍ച്ചയായതിന് പിറകെ വിശദീകരണമൊന്നും ചോദിക്കാതെ നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
താനൂര്‍ ബോട്ടപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ കുഞ്ഞാലിക്കുട്ടി, താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം അടുത്ത ദിവസം താനൂരിലെത്തുമെന്നും പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരിലെത്തി, ആശുപത്രിയിലും മറ്റും സന്ദര്‍ശനം നടത്തുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടത്തും വലത്തുമായി ഒപ്പമുണ്ടായിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിമർശനം.
അതേസമയം, ജില്ല ഭാരവാഹികൾ മാത്രം ഉൾപ്പെട്ട ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അഭിപ്രായത്തിന്റെ പേരിൽ എങ്ങനെയാണ് സമൂഹമാധ്യമത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് നടപടിയെടുക്കുക എന്നാണ് യഹ്‍യാഖാനെ അനുകൂലിക്കുന്ന വിഭാഗം ചോദിക്കുന്നത്. നേരത്തേ രണ്ടുതവണ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണിദ്ദേഹം. ഒരുതവണ ജിഫ്രി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലായിരുന്നു നടപടി. കെ.എം. ഷാജിയുടെ വിശ്വസ്തനായ യഹ്‍യാഖാന്‍ വീണ്ടും ജില്ല നേതൃത്വത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

