പൊലീസ് തലപ്പത്ത് അഴിച്ചുപണി, കൂട്ട സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: പൊലീസിൽ എ.ഡി.ജി.പി റാങ്കിലുള്ളവർ ഉൾപ്പെടെ ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണി. ജില്ല പൊലീസ് മേധാവികളെയും മാറ്റി. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരുന്ന മനോജ് എബ്രഹാമാണ് പുതിയ വിജിലൻസ് ഡയറക്ടർ. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറാണ് പകരം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറായിരുന്ന എം.ആർ. അജിത്കുമാറിനെ മാറ്റി ഐ.ജി എച്ച്. വെങ്കിടേഷിന് ചുമതല നൽകിയിരുന്നു. എസ്.സി.ആർ.ബി എ.ഡി.ജി.പിയായിരുന്ന യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) എം.ഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എം.ഡിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായാണ് മാറ്റിയത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട എം.ആർ. അജിത്കുമാറിന് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സ് എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം ആംഡ് പൊലീസ് ബറ്റാലിയന്‍റെ ചുമതലകൂടി നൽകി. സെക്യൂരിറ്റി ഐ.ജിയായ തുമല വിക്രമിനെ നോർത്ത് ഐ.ജിയായും നോർത്ത് ഐ.ജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐ.ജിയായും മാറ്റിനിയമിച്ചു.
കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയായിരുന്ന എ. ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് സെക്യൂരിറ്റിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് മേധാവിയായിരുന്ന ആർ. കറുപ്പുസ്വാമിയാണ് പുതിയ കോഴിക്കോട് റൂറൽ പൊലീസ് മേധാവി. പകരം കൊച്ചി സിറ്റി ഡി.സി.പിയായിരുന്ന വി.യു. കുര്യാക്കോസിനെ ഇടുക്കി പൊലീസ് മേധാവിയായി നിയമിച്ചു.
എറണാകുളം റൂറൽ പൊലീസ് മേധാവിയായിരുന്ന കെ. കാർത്തികാണ് കോട്ടയം ജില്ല പൊലീസ് മേധാവി. കെ.എ.പി നാല് ബറ്റാലിയൻ കമാന്‍റന്‍റായിരുന്ന വിവേക് കുമാറാണ് എറണാകുളം റൂറൽ പൊലീസ് മേധാവി. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയായിരുന്ന ആർ. ആനന്ദ് വയനാട് ജില്ല പൊലീസ് മേധാവിയാകും.
കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന ടി. നാരായണനെ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയാക്കി. മെറിൻ ജോസഫാണ് പുതിയ കൊല്ലം സിറ്റി പൊലീസ് കമീഷണർ.
വയനാട് പൊലീസ് മേധാവിയായിരുന്ന അരവിന്ദ് സുകുമാറിനെ കെ.എ.പി നാല് ബറ്റാലിയൻ കമാന്‍റന്‍റാക്കി. കോട്ടയം എസ്.പിയായിരുന്ന ഡി. ശിൽപയെ കുറച്ചുനാളായി ഒഴിഞ്ഞുകിടക്കുന്ന വനിത സെല്ലിന്‍റെ എസ്.പിയാക്കി. വനിത ബറ്റാലിയൻ കമാന്‍റന്‍റിന്‍റെ ചുമതലയും ഇവർ വഹിക്കും.
തലശ്ശേരി എ.എസ്.പിയായിരുന്ന ടി.കെ. വിഷ്ണു പ്രദീപിനെ പേരാമ്പ്ര എ.എസ്.പിയായി നിയമിച്ചു. പാല എ.എസ്.പിയായിരുന്ന നിതിൻരാജാണ് തലശ്ശേരിയിലെ പുതിയ എ.എസ്.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

