മൂന്ന് സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ സഹായി ബി.ജെ.പി നേതാവെന്ന് സൂചന
text_fieldsചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ സഹായിച്ചിരുന്നത് അഭിഭാഷകനായ ബി.ജെ.പി നേതാവെന്ന് സൂചന. ഇയാൾ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായവരുടെ സ്വത്തുവകകൾ കൈക്കലാക്കാൻ സെബാസ്റ്റ്യന് നിയമോപദേശം നൽകിയത് ഇയാളാണെന്നാണ് സൂചന.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജെയ്ൻ മാത്യു (ജൈനമ്മ -58), ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ചേർത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം സെബാസ്റ്റ്യനെ (65) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധുവിന്റെ (43) തിരോധാനത്തിലും വാരനാട് വെളിയിൽ വീട്ടിൽ ഹയറുമ്മ എന്ന ഐഷയുടെ ദുരൂഹ മരണത്തിലും ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്.
സ്ഥലങ്ങൾ വിറ്റു കിട്ടുന്ന പണം മുഴുവൻ സഹകരണ സ്ഥാപനങ്ങളിലാണ് പ്രതി നിക്ഷേപിച്ചിരുന്നത്. ബിന്ദു പത്മനാഭന്റെ സ്ഥലം വിറ്റു കിട്ടിയ പണം കുത്തിയതോട്ടിലെ സഹകരണ സ്ഥാപനത്തിൽ നിക്ഷേപിക്കുകയായിരുന്നു. കുറച്ച് നാൾ മുമ്പ് ഒന്നേകാൽ കോടി പിൻവലിച്ചതും ഈ പണം സെബാസ്റ്റ്യൻ എന്തിന് വിനിയോഗിച്ചെന്നും അന്വേഷണസംഘം പരിശോധിച്ച് വരുകയാണ്. വാരനാട് സഹകരണ ബാങ്കിൽനിന്ന് 40 ലക്ഷം പിൻവലിച്ചിട്ടുണ്ട്. ഇതിലും ബി.ജെ.പി നേതാവിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. പണം ആർക്കെങ്കിലും കൈമാറിയതാണോ എന്നും സംശയമുണ്ട്. ബിന്ദു പത്മനാഭന്റെ സഹോദരൻ ഇറ്റലിയിൽ ജോലി ചെയ്യുന്ന പ്രവീണിനെ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തും.
ബിന്ദുവിന്റെ പേരിൽ ഇടപ്പള്ളി ടോൾ ഗേറ്റിന് സമീപത്തുള്ള 12 സെന്റ് സെബാസ്റ്റ്യനാണ് വിൽപന നടത്തിയത്. പ്രവാസിയായ കൊല്ലം സ്വദേശിയാണ് സ്ഥലം വാങ്ങിയത്. ഈ പണം മുഴുവനും സെബാസ്റ്റ്യൻ കൈക്കലാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രവീൺ കോടതിയിൽ പ്രത്യേകം കേസ് നൽകിയിട്ടുണ്ട്. കൂടാതെ ബിന്ദുവിന്റെ ഉടമസ്ഥതയിൽ വീടിന് തെക്കുവശത്തെ 40 സെന്റ് വിറ്റ് സെബാസ്റ്റ്യൻ പണം വാങ്ങിയിരുന്നു. ഇത്തരത്തിൽ ബിന്ദുവിന്റെ പേരിലുള്ള നാലോളം സ്ഥലങ്ങൾ സെബാസ്റ്റ്യൻ വിൽപ്പന നടത്തിയിട്ടുണ്ട്. പിന്നീട് ബിന്ദു താമസിച്ചിരുന്ന കുടുംബവീടും വിറ്റു. ഇതിന് ശേഷമാണ് ബിന്ദുവിനെ കാണാതാകുന്നത്. സ്ഥലക്കച്ചവടക്കാരനായാണ് വാരനാട് വെളിയിൽ വീട്ടിൽ ഐഷയുമായി സെബാസ്റ്റ്യൻ പരിചയപ്പെടുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഐഷയുടെ മക്കാളായ മജീദും സിയാദും പറഞ്ഞു. ഐഷയുടെ വീടിനു സമീപം താമസിക്കുന്ന റോസമ്മയുടെ സ്ഥലം സെബാസ്റ്റ്യൻ കൈക്കലാക്കിയെങ്കിലും ഐഷയെ കാണാതെ വന്നതോടെ സ്ഥലം തിരിച്ചെഴുതി വാങ്ങി.
ഓട്ടോയിൽ മാത്രം സഞ്ചരിക്കുന്ന സെബാസ്റ്റ്യൻ വാരനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുമായി പരിചയത്തിലായിരുന്നു. ഇതിന് ശേഷം ഇയാളുടെ വീട്ടിൽ സെബാസ്റ്റ്യൻ നിത്യസന്ദർശകനായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഭാര്യ ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധുവുമായി സെബാസ്റ്റ്യൻ അടുപ്പത്തിലായി. 2020 ഒക്ടോബർ 19നു അവരെ കാണാതായി. വൈകിട്ട് ചേർത്തല തിരുവിഴയിലുള്ള ക്ഷേത്രത്തിൽ പോകുന്നെന്നു പറഞ്ഞാണ് സിന്ധു വീട്ടിൽനിന്നിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

