സി.പി.എം ബ്രാഞ്ച് സമ്മേളന പ്രതിനിധിയുടെ തിരോധാനം: അന്വേഷണ പുരോഗതി തേടി ഹൈകോടതി
text_fieldsകൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്‍റെ തലേദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ കാണാതായത് സംബന്ധിച്ച കേസിലെ അന്വേഷണ പുരോഗതി തേടി ഹൈകോടതി. സെപ്റ്റംബർ 29ന് കാണാതായ സജീവനെ കണ്ടെത്താനായില്ലെന്നും ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് കോർപസ് ഹരജിയിലാണ് അന്വേഷണ പുരോഗതി അറിയിക്കാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
കാണാതായതിന്‍റെ അന്ന് വൈകീട്ട് അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. സെപ്റ്റംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തെ സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചെന്നും ഹരജിയിൽ പറയുന്നു.
നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്തെന്നും സജീവനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. സജീവനെ കാണാതായതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന ഒരുസൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സജീവൻ കടൽത്തീരത്ത് നിൽക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തീരദേശ പൊലീസിന് ഇതുസംബന്ധിച്ച പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

