ദമ്പതികളുടെ തിരോധാനം: ആരും കാണാത്ത സുഹ്റബീവിയുടെ കണ്ണീർവിലാപം
text_fieldsകോട്ടയം: കുമ്മനം ഫൗസിയ മൻസിലിൽ 76കാരി സുഹ്റബീവിയുടെ കണ്ണീർവിലാപം ആരും അറിയുന്നില്ല. നാലുമാസമായി മകളെയും മരുമകനെയും കാണാതായതിെൻറ നഷ്ടം അവരുടെ സ്വകാര്യമായ വേദനയാണ്. ഇളയമകൾ ഹബീബയും (37), മരുമകൻ കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിമും(42) തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ജീവിതം. നാല് ആൺമക്കളും അഞ്ചുപെൺമക്കളും ഉൾപ്പെടെ ഒമ്പതുപേരുടെ മാതാവിന് ഇളയമകൾ ഹബീബയോട് പ്രത്യേകവാത്സല്യമായിരുന്നു. ഇവരുടെ തിരോധാനത്തിനുശേഷം മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഏറെ തളർത്തി. ഏപ്രിൽ ആറിന് രാത്രി ഒമ്പതിനു ഭക്ഷണം വാങ്ങാൻ ഭർതൃവീട്ടിൽനിന്ന് കാറിൽപോയ ദമ്പതികളെ പിന്നീടാരും കണ്ടിട്ടില്ല. പൊലീസിനും ഇതുവരെ തുമ്പുകണ്ടെത്താനായില്ല. ബന്ധുവീടുകളിലേക്ക് പൊലീസ് ചോദ്യംചെയ്യാൻ എത്തിയത് കൂടുതൽ വേദനിപ്പിച്ചു.
പൊലീസ് അന്വേഷണം പ്രഹസനമായെന്ന് അതിരമ്പുഴ നൂർ മൻസിലിൽ താമസിക്കുന്ന ഹബീബയുടെ സഹോദരൻ ഷിഹാബുദ്ദീൻ ആരോപിച്ചു. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അടക്കമുള്ളവർ ഉന്നത ഉദ്യോഗസ്ഥർ എത്തിയപ്പോൾ സഹോദരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളടക്കം പൊലീസ് കാര്യമായ അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. തിരോധാനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിച്ച് ദമ്പതികളെ കണ്ടെത്താൻ ഹൈകോടതിയിലും വനിത കമീഷനിലും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താൽ ദിനമായിരുന്നതിനാൽ രാത്രി ഒമ്പതിന് KL-05 AJ-TEMP-7183 എന്ന താൽക്കാലിക നമ്പറിലുള്ള പുതിയ ഗ്രേകളർ മാരുതി വാഗൺ ആർ കാറിൽ പുറപ്പെട്ട ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല. രാത്രി 11 കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റുബന്ധുക്കളുടെ വീട്ടിൽ അന്വേഷണം നടത്തി. വീടിനു തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പേരിൽ പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം. പുതിയ കാറിെൻറ വായ്പയൊഴിച്ചാൽ മറ്റ് സാമ്പത്തിക ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവയും എടുത്തിരുന്നില്ല. തുടർന്ന് വീട്ടുകാർ കുമരകം പൊലീസിൽ പരാതി നൽകി. നഗരത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ വിവരം കിട്ടിയില്ല. പിന്നീട് വെസ്റ്റ് സി.െഎ നിർമൽ ബോസിെൻറ നേതൃത്വത്തിൽ 30 പേരടങ്ങുന്ന സ്പെഷൽ ടീം അന്വേഷണം ആരംഭിച്ചു.
പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപ്പേട്ട, ബീമാപ്പള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സൈബർ സെല്ലിെൻറ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും സംസ്ഥാനത്തിനകത്തും പുറത്തും കൈമാറി. ഇതിനിടെ, രൂപസാദൃശ്യമുള്ളവരെ കണ്ടുമുട്ടിയെന്ന തരത്തിൽ ചില സന്ദേശങ്ങൾ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെന്ന സൂചനയിൽ തിരച്ചിൽ നടത്തി. ഇതിനിടെ, കാർ അപകടത്തിൽപെടാനുള്ള സാധ്യത കണക്കിലെടുത്ത് താഴത്തങ്ങാടി ആറ്റിലും കൈത്തോടുകളിലും നേവിയുടെ സംഘവും തിരച്ചിൽ നടത്തി.
ജില്ലയിലെ പ്രധാന പാറമടയിലും ജലാശയങ്ങളിലും ആറ്റിലും സി-ഡാക്കിെൻറ അത്യാധുനിക സി.സി സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് ബന്ധുക്കൾ നൽകിയ നിവേദനത്തെതുടർന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നേരിെട്ടത്തി ബന്ധുക്കളിൽനിന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ദമ്പതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിലും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
