വർഗീയതയോടുള്ള വിയോജിപ്പ് മതവിമർശനമല്ല, ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടണം -മുഖ്യമന്ത്രി
text_fieldsകൊല്ലം: വർഗീയതയോടുള്ള വിയോജിപ്പ് ഏതെങ്കിലും മതവിഭാഗത്തോടുള്ള വിമർശനമല്ലെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം രാജ്യത്തിനെതിരായ അതിക്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ എഴുപതാം വാർഷികത്തിന് സമാപനം കുറിച്ച് കൊല്ലം കന്‍റോൺമെന്റ് മൈതാനിയിൽ നടന്ന അവകാശ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ മുസ്ലിംകൾക്ക് എതിരായി അതിക്രമം വർധിച്ചുവരികയാണ്. രാജ്യത്തിന്‍റെ ഭരണകൂടം ഇതിന് ഒത്താശ നൽകുകയാണ്. പൗരത്വ ഭേദഗതി നിയമം, കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദ് ചെയ്തത്, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുന്നത് എന്നിവ ഭരണകൂട ഭീകരതയുടെ ഉദാഹരണങ്ങളാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ പ്രശംസനീയവും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ ബഹുസ്വര സമൂഹത്തിന്റെ ആവാസഭൂമിയാണെന്നും ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് സമാധാനമാണെന്നും അത് തകർക്കാനുള്ള ശ്രമം ആരും നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാൻ ഹസ്രത്ത് അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷിക സുവനീർ പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. എ.കെ. ഉമർ മൗലവി ഏറ്റുവാങ്ങി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നയപ്രഖ്യാപനം നടത്തി. എം.പിമാരായ അബ്ദുസ്സമദ് സമദാനി, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ എം. നൗഷാദ്, ആബിദ് ഹുസൈൻ തങ്ങൾ, പി.സി. വിഷ്ണുനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

