'മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ ജനപ്രതിനിധി പണിക്കിറങ്ങരുത്'; മുകേഷിനെതിരെ ഡോ. ബിജു
text_fieldsകോഴിക്കോട്: ഫോണിൽ വിളിച്ച വിദ്യാർഥിയോട് കയർത്ത് സംസാരിച്ച നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെ സംവിധായകൻ ഡോ. ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്ന് എം.എൽ.എമാരെ പഠിപ്പിക്കുന്ന സെഷൻ നിയമസഭയിൽ ഏർപ്പെടുത്തണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു.
ജനാധിപത്യ ബോധമില്ലാത്ത ഇത്തരം വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണെന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എം.എൽ.എയാക്കിയ പാർട്ടിയോ അവർക്ക് ഓറിയന്‍റേഷൻ ക്ലാസ് നൽകുന്നത് നന്നായിരിക്കും.
ശമ്പളവും യാത്രാബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏതു ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും ഡോ. ബിജു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാർഥിയോടാണ് കൊല്ലം എം.എൽ.എ മുകേഷ് കയർത്തത്. ഞായറാഴ്ച രാവിലെ മുതലാണ് ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഹലോ സർ, ഞാൻ പാലക്കാട്ടുനിന്നാണെ'ന്ന് പറഞ്ഞാണ് വിദ്യാർഥി വിളിച്ചത്. 'ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാൽ, മീറ്റിങ്ങിൽ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എം.എൽ.എ എന്നയാൾ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് -മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്പർ കൂട്ടുകാരൻ തന്നതാണെന്നു പറഞ്ഞപ്പോൾ 'അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം'. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോൾ 'അവിടത്തെ എം.എൽ.എയെ കണ്ടുപിടിക്ക്, മേലാൽ തന്നെ വിളിക്കരുതെന്ന്' പറഞ്ഞാണ് മുകേഷ് ഫോൺ കട്ട് ചെയ്തത്.

