മലബാറിനെ ഒഴിവാക്കി ഫാർമസി യോഗ്യത പരീക്ഷ
text_fieldsപാലക്കാട്: ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം) വിജയിച്ചവർക്ക് രജിസ്ട്രേഷൻ ലഭിക്കാൻ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലെ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ. ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ ദേശവ്യാപകമായി വിവിധ കേന്ദ്രങ്ങൾ നിശ്ചയിച്ച് പരീക്ഷക്ക് അപേക്ഷയും ക്ഷണിച്ചുകഴിഞ്ഞു.
കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മാത്രം പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ച് മലബാറിനെ പൂർണമായും അവഗണിക്കുന്നത് ആയിരത്തോളം വിദ്യാർഥികൾക്ക് ദുരിതമാകും. ഡി.ഫാം വിജയിച്ചവർക്ക് ഫാർമസി കൗൺസിലിനു കീഴിലെ അംഗീകൃത കേന്ദ്രങ്ങളിൽ 500 മണിക്കൂർ പരിശീലനത്തിനുശേഷം ഫാർമസിസ്റ്റായി ജോലി ചെയ്യാനുള്ള രജിസ്ട്രേഷൻ നേരത്തേ ലഭിക്കുമായിരുന്നു.
എന്നാൽ, യോഗ്യതപരീക്ഷ നിർബന്ധമാക്കണമെന്ന് ഫാർമസി വിദ്യാഭ്യാസ ചട്ടങ്ങളിൽ കേന്ദ്ര ഫാർമസി കൗൺസിൽ വരുത്തിയ ഭേദഗതിയെ തുടർന്നാണ് ഈ വർഷം മുതൽ ‘എക്സിറ്റ് പരീക്ഷ’ നടത്തുന്നത്. രാജ്യത്തിന് പുറത്തേക്ക് പോകുന്നവർക്കുള്ള അംഗീകാരസൂചകമായി പരിഗണിക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തിയത്.
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് നടത്തുന്ന പരീക്ഷക്ക് ഓരോ വിദ്യാർഥിയും 5900 രൂപ ഫീസ് നൽകണം. വിജയിച്ചില്ലെങ്കിൽ ആറു മാസം കഴിഞ്ഞ് നടത്തുന്ന പരീക്ഷക്ക് വീണ്ടും ഫീസ് അടക്കണം. കാസർകോട് മുതൽ തൃശൂർ വരെ 15ഓളം ഫാർമസി കോളജുകളുണ്ട്. തിരുവനന്തപുരം ജില്ലയിലും അഞ്ച് ഫാർമസി കോളജുകളുണ്ട്. ഈ സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർഥികളും എക്സിറ്റ് പരീക്ഷക്കായി കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് പോകേണ്ടിവരും.
ദൂരസ്ഥലത്ത് രാവിലെ മുതൽ രാത്രി വരെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ പൂർത്തിയാക്കുക എന്നത് മലബാർ മേഖലയിലുള്ളവർക്ക് വലിയ ദുരിതമാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (എഫ്.ഐ.പി.ഒ) സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. പ്രേമാനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

