ഗൂഢാലോചനക്കേസിൽ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്‍ ദാസന്റെ മൊഴി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്‍ ദാസന്റെ മൊഴി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ വധഗൂഢാലോചനകേസിലെ മൊഴിപ്പകര്‍പ്പാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്.
പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതായി മൊഴിയിലുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് അഡ്വ. രാമന്‍പിള്ളയുടെ ഓഫിസില്‍ തന്നെ കൂട്ടിക്കൊണ്ടുപോയത്. മൊഴിയെടുക്കാനായി ദാസനെ പൊലീസ് അന്വേഷിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന ദിലീപിന്‍റെ സഹോദരൻ അനൂപ് ദാസനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാനിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലേക്കാണ് ദാസനെ വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ പൊലീസ് ചോദിച്ചുവെന്ന് അനൂപ് ആരാഞ്ഞു. അതിനുശേഷം അനൂപിനോടൊത്ത് രാമൻപിള്ളയുടെ ഓഫിസിൽ പോയി. അവിടെ വെച്ച് കൂടുതലൊന്നും പറയരുതെന്ന് അഭിഭാഷകര്‍ വിലക്കിയെന്ന് മൊഴിയിൽ പറയുന്നു.
അടുത്തദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് വായിച്ചുകേള്‍പ്പിച്ചു. കൂടുതല്‍ കാര്യങ്ങളൊന്നും പൊലീസിനോട് പറയരുതെന്ന് അഭിഭാഷകൻ നിര്‍ദേശിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജ് 'സുനില്‍ പുറത്തിറങ്ങട്ടെ അവനെ കാണിച്ചുകൊടുക്കുന്നുണ്ട്' എന്ന് മറ്റൊരാളോട് പറഞ്ഞത് താന്‍ കേട്ടിരുന്നു എന്നും ദാസന്‍ മൊഴിയില്‍ വ്യക്തമാക്കുന്നു.
ഈ സുനില്‍ പള്‍സര്‍ സുനിയാണെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. 2021 ഒക്ടോബര്‍ 26 ന് ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുറത്തുപറയുമെന്ന് ദാസനെ ബാലചന്ദ്രകുമാര്‍ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. ഇക്കാര്യം ദിലീപിനെയോ അനൂപിനേയോ സുരാജിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ദിലീപിന്‍റെ വീട്ടിൽ ജോലിക്കില്ലെന്ന കാര്യം ബാലചന്ദ്രകുമാറിനെ അറിയിച്ചു. വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ബാലചന്ദ്രകുമാറുമായി സംസാരിച്ചതെന്നും ദാസൻ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

