
ദിലീപ് വീണ്ടും ചോദ്യമുനയിലേക്ക്; അടുത്ത മൂന്നുദിവസം നിർണായകം, ചോദ്യാവലി തയാർ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം പ്രതികളെ ചോദ്യം ചെയ്യാൻ ഹൈകോടതി അനുമതി നൽകിയതോടെ ഞായറാഴ്ച മുതൽ മൂന്നുദിവസം നിർണായകമാകും. കേസിലെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരെയാകും ഈ ഘട്ടത്തിൽ ചോദ്യം ചെയ്യുക.
പ്രത്യേക യോഗം ചേർന്ന് ദിലീപിനുള്ള ചോദ്യാവലി ക്രൈംബ്രാഞ്ച് അന്വേഷണസംഘം തയാറാക്കി. എ.ഡി.ജി.പി എസ്. ശ്രീജിത്, സൂപ്രണ്ട് എം.പി. മോഹനചന്ദ്രൻ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ചോദ്യം ചെയ്യൽ.
ആദ്യഘട്ടത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും. തുടർന്ന് അഞ്ചുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുമാണ് പദ്ധതി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങളാകും ചോദിച്ചറിയുക.
ജാമ്യം കിട്ടിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപിന്‍റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയാണ് കേസ്. ഇദ്ദേഹത്തിന്‍റെ മറ്റ് വെളിപ്പെടുത്തലുകളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.
ദിലീപും മറ്റ് പ്രതികളും സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയടക്കം തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ദിലീപിന് ചോദ്യം ചെയ്യൽ നേരിടുക എളുപ്പമായിരിക്കില്ല. മറുപടികൾക്കൊപ്പം തങ്ങളുടെ ഭാഗം വിശദീകരിക്കാൻ തെളിവുകളും നൽകാനായില്ലെങ്കിൽ പ്രതികൾക്കെതിരായ കുരുക്ക് മുറുകും.
ഏതുസാഹചര്യത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ പരാമർശമെന്നതിനെക്കുറിച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തത വരുത്തേണ്ടിവരും. ഇത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ച കാരണങ്ങൾ, ഉദ്യോഗസ്ഥരെ വധിക്കാൻ ഏതെങ്കിലും തരത്തിലെ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും. തങ്ങളുടെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെട്ട തെളിവുകൾ മുന്നിൽവെച്ചാകും ചോദ്യം ചെയ്യൽ.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ പുറത്തുവിട്ട കത്ത്, ഇയാളുടെ ശബ്ദരേഖ എന്നിവ ക്രൈംബ്രാഞ്ചിന്‍റെ പക്കലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ സുനിയുമായി ഏതൊക്കെ തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യങ്ങളും ചോദിച്ചറിയും. നടിയെ ആക്രമിച്ച വിഡിയോ ദിലീപ് കണ്ടെന്ന ആരോപണത്തിലും വിശദീകരണം തേടും. ആരാണ് ദൃശ്യങ്ങൾ എത്തിച്ചുനൽകിയത് എന്നതും ഇതോടെ വിശദീകരിക്കേണ്ടിവരും. സംവിധായകൻ തന്‍റെ വെളിപ്പെടുത്തലിൽ പറയുന്ന കേസിൽ ഇടപെട്ട സ്ത്രീ, പൾസർ സുനി പറഞ്ഞ 'മാഡം' എന്നിവർ ആരാണെന്നതിനെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്.
മണിക്കൂറുകൾ നീണ്ട് അഭ്യൂഹങ്ങൾ
നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അറസ്റ്റിലായേക്കുമോ എന്ന അഭ്യൂഹങ്ങൾ നിറഞ്ഞതായിരുന്നു ശനിയാഴ്ചത്തെ പകൽ. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്‍റെ നീക്കം. ഇത് അറിഞ്ഞ് മാധ്യമങ്ങൾ ഹൈകോടതിയിലും ആലുവയിലെ ദിലീപിന്‍റെ വീടിന് മുന്നിലും ശനിയാഴ്ച രാവിലെ മുതൽ തമ്പടിച്ചു.
തലേദിവസം രാത്രി മുതൽ ദിലീപ് ആലുവ പുഴയോരത്തെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. ഇതിനിടെ, കോടതി നടപടികളുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നുകൊണ്ടിരുന്നു.
വിധി ദിലീപിന് അനുകൂലമായാൽ ദിലീപോ ബന്ധപ്പെട്ടവരോ മാധ്യമങ്ങൾക്ക് മുന്നിലെത്താനുള്ള സാധ്യതകളുണ്ടെന്നും സൂചനകളുണ്ടായിരുന്നു. ഏറെ അഭ്യൂഹങ്ങളും വാദപ്രതിവാദങ്ങളുമാണ് കേസിൽ ആഴ്ചകളായി നടക്കുന്നത്. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരായിരുന്നു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതിൽ ശരത് ജി. നായരെ കേസിൽ പ്രതി ചേർത്തിട്ടില്ല.
അറസ്റ്റുണ്ടായാൽ അത് കാണാൻ ആൾക്കൂട്ടമുണ്ടായേക്കുമെന്ന വിലയിരുത്തലിൽ പൊലീസും കരുതൽ നടപടികളെടുത്തിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ പ്രദേശത്ത് വിന്യസിക്കാൻ പ്രത്യേക പൊലീസ് സംഘത്തോട് തയാറെടുത്തിരിക്കാൻ റൂറൽ പൊലീസ് നിർദേശം നൽകിയിരുന്നു. ദിലീപിന്‍റെ നീക്കങ്ങൾ ഓരോ നിമിഷവും പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റുണ്ടായേക്കുമെന്നതിനാൽ ദിലീപ് എവിടെയാണുള്ളതെന്ന കാര്യം അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ആദ്യഘട്ടത്തിൽ ദിലീപിന് അനുകൂലമായേക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ജാമ്യാപേക്ഷ തള്ളിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായി. ഈ ഘട്ടങ്ങളിലൊക്കെ വലിയ ചർച്ചകൾ സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായി.
കോടതി പരാമർശത്തിൽനിന്ന് എല്ലാം വായിച്ചെടുക്കാം -ബാലചന്ദ്രകുമാർ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന കോടതി പരാമർശത്തിൽനിന്ന് എല്ലാം വായിച്ചെടുക്കാമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കോടതിക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിൽ അതിൽ എന്തെങ്കിലുമുണ്ടെന്നാണല്ലോ അർഥം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടത്തിയത് ശാപവാക്കുകളായിരുന്നുവെന്നാണ് പ്രതിഭാഗം പറയുന്നത്. ഈ വാദത്തിലൂടെതന്നെ പരാമർശങ്ങൾ നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിക്കുന്നില്ലെന്ന് വ്യക്തമാകുകയാണ്.
തന്‍റെ സിനിമ ഒഴിവാക്കിയതുകൊണ്ടാണ് ആരോപണം ഉയർത്തിയതെന്ന് പറയുന്നത് ശരിയല്ല. സിനിമ വേണ്ടെന്നുവെച്ചത് ദിലീപായിരുന്നുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ അവർക്ക് കാണിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
സിനിമ വേണ്ടെന്ന് വെക്കുകയാണെന്ന് താൻ അങ്ങോട്ട് അയച്ച മെസേജുകൾ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ട് വെളിപ്പെടുത്തലുകൾ വൈകിയെന്നതിന്‍റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്യാൻ ഹൈകോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് സാക്ഷികളെ വിസ്തരിച്ചു
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ പുനരാരംഭിച്ചു. ഹൈകോടതി നിർദേശപ്രകാരം ശനിയാഴ്ച കേസിലെ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചത്. അതേസമയം, മറ്റ് രണ്ട് സാക്ഷികൾക്കുകൂടി സമൻസ് അയച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇവരടക്കം ആറ് സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കാനാണ് വിചാരണക്കോടതിക്ക് ഹൈകോടതി നൽകിയ നിർദേശം.
മറ്റൊരു സാക്ഷിയെ ചൊവ്വാഴ്ച വിസ്തരിക്കാൻ കേസ് മാറ്റി. കേസിലെ ഒന്ന്, മൂന്ന്, അഞ്ച് പ്രതികളായ സുനിൽകുമാർ എന്ന പൾസർ സുനി, ബി. മണികണ്ഠൻ, വടിവാൾ സലീം എന്നിവർ ശനിയാഴ്ച കോടതിയിൽ ഹാജരായിരുന്നു. എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള പ്രതികൾ അവധി അപേക്ഷ നൽകി കോടതിയിൽനിന്ന് വിട്ടുനിന്നു.
ജയിലിലുള്ള മറ്റ് പ്രതികളെ കോവിഡ് പശ്ചാത്തലത്തിൽ ഹാജരാക്കിയിരുന്നില്ല. സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ രാജിവെച്ചതിനാൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാറാണ് കോടതിയിൽ ഹാജരായത്. പുതിയ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
