ഡിജിറ്റല്‍ സര്‍വകലാശാല അഴിമതിയിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
text_fieldsതിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്ത്.
വിവിധ പ്രോജക്ടുകളിലൂടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക കണ്ടെത്തണമെന്ന വ്യവസ്ഥയാണ് അഴിമതിക്കാര്‍ ദുരുപയോഗം ചെയ്യുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാല രൂപവത്കരിച്ചത് മുതല്‍ ഓഡിറ്റ് നടത്താത്തതാണ് അഴിമതിക്ക് കാരണം.
സര്‍വകലാശാലക്ക് കിട്ടേണ്ട പല പ്രോജക്ടുകളും അധ്യാപകര്‍ ഉണ്ടാക്കിയ കടലാസ് കമ്പനികളുടെ പേരില്‍ സര്‍വകലാശാലയുടെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് നടപ്പാക്കുന്നത്. പ്രോജക്ടുകള്‍ തട്ടിയെടുക്കുന്നതിനു വേണ്ടി ചില അധ്യാപകര്‍ അഞ്ചിലധികം കമ്പനികള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും അതീവ ഗൗരവതരമാണ്.
സര്‍വകലാശാല ശമ്പളം നല്‍കുന്ന ജീവനക്കാരെയാണ് ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനത്തിന് ഈ അധ്യാപകര്‍ ഉപയോഗിക്കുന്നത്.
ഇത്രയും വലിയൊരു പദ്ധതിയിലും അഴിമതി നടത്തി എന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

