ഡിജിറ്റൽ സർവേ നടപടികൾക്ക് ഒച്ചിഴയും വേഗം
text_fieldsതൊടുപുഴ: സംസ്ഥാന സർക്കാറിന്റെ എന്റെ ഭൂമി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ ഇഴയുന്നു. പദ്ധതിയാരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴാണ് സർവേ നടപടികൾക്ക് വേഗമില്ലാത്തത് ചർച്ചയാകുന്നത്. ഇടുക്കിയിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയും ഭൂരേഖകളിലെ വ്യത്യാസവുമടക്കം പലവിധ കാരണങ്ങളാലാണ് നടപടികൾക്ക് വേഗമില്ലാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടൊപ്പം ഉദ്യോഗസ്ഥ മാറ്റവും ഇടക്കിടെ വന്ന തെരഞ്ഞെടുപ്പുകളുമെല്ലാം ഇക്കാര്യത്തിൽ വില്ലനായിട്ടുണ്ടെന്നും അവർ പറയുന്നു.
പൂർത്തിയാക്കിയത് ആറ് വില്ലേജുകളിൽ
2022ലെ കേരളപ്പിറവി ദിനത്തിലാണ് പദ്ധതിക്ക് സംസ്ഥാന തലത്തിൽ തുടക്കമായത്. എന്നാൽ, ജില്ലയിൽ മൂന്നര വർഷം പിന്നിടുമ്പോൾ 6 വില്ലേജുകളിലാണ് സർവേ നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനമിറക്കിയത്. 12 വില്ലേജുകളിൽ സർവേ പൂർത്തിയാക്കി ചട്ടം 9(2) പ്രകാരം വിജ്ഞാപനമിറക്കി. 18 വില്ലേജുകളിൽ നിലവിൽ സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പദ്ധതി സംബന്ധിച്ച ജനങ്ങളുടെ അവ്യക്തതയും ജില്ലയിലെ ഭൂമി സംബന്ധമായ നിയമക്കുരുക്കുകളുമെല്ലാം സർവേ നടത്തിപ്പിന്റെ വേഗത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ചുമതലക്കാരായ ഉദ്യോഗസ്ഥർ പറയുന്നത്.
റീസർവേ നടത്തി രേഖകൾ തയാറാക്കിയപ്പോൾ പട്ടയമില്ലാത്ത കർഷകരുടെ കൈവശ ഭൂമി സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തിയതടക്കം ആദ്യഘട്ടത്തിൽ നിരവധി പരാതികളും സർവേ നടപടികൾക്കെതിരെ ജില്ലയിൽ ഉയർന്നിരുന്നു. തുടർന്ന് കർഷകരുടെ ആശങ്ക അസ്ഥാനത്താണെന്ന് കാണിച്ച് റവന്യൂ വകുപ്പ് വിശദീകരണക്കുറിപ്പും ഇറക്കിയിരുന്നു.
കരാർ ജീവനക്കാരെ പിരിച്ചുവിട്ട് സർക്കാർ
ഡിജിറ്റൽ സർവേ നടപടികൾക്കായി നിയോഗിച്ചിരുന്ന കരാർ ജീവനക്കാരെ പിരിച്ചുവിട്ട സർക്കാർ നടപടിയും തിരിച്ചടിയായിട്ടുണ്ട്. ജില്ലയിൽ സർവേയർമാരും ഡ്രാഫ്റ്റ്സ്മാൻമാരുമായി ഇരുനൂറോളം കരാർ ജീവനക്കാരാണ് പദ്ധതിക്ക് കീഴിൽ പ്രവർത്തിച്ചിരുന്നത്. സർക്കാർ മാറ്റത്തോടെ ഇവരെ പിരിച്ചുവിട്ടതോടൊപ്പം വാടകക്കെടുത്ത വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നതെങ്കിലും സർക്കാർ മാറ്റത്തോടെ തങ്ങൾക്ക് താൽപര്യമുള്ളവരെ നിയമിക്കാനാണെന്നാണ് നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പരാതി. ഏതായാലും കരാർ ജീവനക്കാരുടെ പിരിച്ചുവിടലും ജല്ലയിൽ ഡിജിറ്റൽ സർവേ നടപടികളെ പിന്നോട്ടടിപ്പിക്കുമെന്നുറപ്പായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

