ഡിജിറ്റൽ, കെ.ടി.യു വി.സി യോഗ്യത; മുൻഗണന മാനദണ്ഡങ്ങൾ ലഭിക്കാതെ നിയമനമില്ലെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: പാനലിൽ ഉൾപ്പെട്ടവരുടെ യോഗ്യതയും മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ചതിന്റെ മാനദണ്ഡത്തിന്റെ വിശദാംശവും ലഭിക്കാതെ ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ വി.സി നിയമനം നടത്തില്ലെന്ന നിലപാടിൽ ഉറച്ച് ചാൻസലറായ ഗവർണർ രാജേന്ദ്ര അർലേക്കർ. ഇക്കാര്യം വ്യക്തമാക്കിയ പെറ്റീഷൻ കഴിഞ്ഞ ദിവസം ചാൻസലർ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
വി.സി നിയമന അധികാരി താനാണെന്നിരിക്കെ പാനലിലുള്ളവരുടെ യോഗ്യതകൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും അറിയാനുള്ള അവകാശം തനിക്കുണ്ടെന്നാണ് ചാൻസലറുടെ നിലപാട്. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പാനലിൽ തീരുമാനം വൈകുന്നതെന്നും ആവശ്യപ്പെട്ട പൂർണ വിവരങ്ങൾ സർക്കാറിൽനിന്നും ചെയർമാനിൽനിന്നും ലഭ്യമാക്കാൻ കോടതി ഇടപെടണമെന്നും ഗവർണർ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
റിട്ട. ജഡ്ജി സുദാംശു ധൂലിയ അധ്യക്ഷനായി സുപ്രീംകോടതി രൂപവത്കരിച്ച സെർച് കമ്മിറ്റികളാണ് രണ്ട് സർവകലാശാലകളിലേക്കുമുള്ള വി.സി നിയമനത്തിന് പാനൽ തയാറാക്കിയത്. കോടതി നിർദേശ പ്രകാരം പാനൽ മുഖ്യമന്ത്രിക്ക് കൈമാറുകയും നിയമനത്തിനുള്ള മുൻഗണന നിശ്ചയിച്ച് ചാൻസലർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും സമർപ്പിച്ച പാനലിൽനിന്ന് വി.സി നിയമനത്തിന് ചാൻസലറായ ഗവർണർ തയാറായില്ല.
പാനലിൽ ഉൾപ്പെട്ടവരുടെ യോഗ്യത വിവരങ്ങൾ, മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്നിവ ചാൻസലർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വി.സി നിയമന കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്താത്ത നടപടിക്കെതിരെ ചാൻസലർക്കെതിരെ കോടതി രൂക്ഷ വിമർശനം നടത്തി. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങൾ ലഭ്യമാക്കാൻ ചാൻസലർ വീണ്ടും ഹരജി നൽകിയത്.
ഡിജിറ്റൽ സർവകലാശാല വി.സി നിയമന പാനലിൽ നാലുപേരുടെയും സാങ്കേതിക സർവകലാശാല പാനലിൽ അഞ്ചുപേരുടെയും പേരുകളാണ് സെർച് കമ്മിറ്റി സർക്കാറിന് കൈമാറിയത്. രണ്ട് പാനലിലും നിലവിലുള്ള രണ്ടു താൽക്കാലിക വി.സിമാരും രണ്ട് മുൻ വി.സിമാരും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടുപേരെ രണ്ട് പാനലിലും കമ്മിറ്റി ഉൾപ്പെടുത്തിയതായും സൂചനയുണ്ട്. മുൻ വി.സിമാർക്ക് മുൻഗണന നിശ്ചയിച്ചാണ് മുഖ്യമന്ത്രി പാനൽ ചാൻസലർക്ക് കൈമാറിയതെന്നാണ് വിവരം.
നിലവിൽ ചാൻസലർ നിയമിച്ച താൽക്കാലിക വി.സിമാരെ നിയമിക്കുന്നതിലാണ് രാജ്ഭവന് താൽപര്യം. എന്നാൽ, പാനലിൽനിന്ന് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണന പാലിച്ച് നിയമനം നടത്തണമെന്ന കോടതി നിർദേശമുള്ളതിനാൽ താൽപര്യമുള്ളവരെ നിയമിക്കാൻ ചാൻസലർക്ക് സാധിക്കുന്നില്ല. ഇത് മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാനലിൽ ഉൾപ്പെട്ടവരുടെ യോഗ്യത വിശദാംശങ്ങളും മുൻഗണന മാനദണ്ഡവും ആവശ്യപ്പെട്ട് നിയമനം നീട്ടുന്നതെന്നാണ് സർക്കാർ കേന്ദ്രങ്ങൾ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

