ഡിജിറ്റൽ, കെ.ടി.യു വി.സി: സമവായ സാധ്യതയില്ല; രണ്ട് പേരുകളുമായി ഗവർണർ സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിന് സുപ്രീംകോടതി നിർദേശിച്ച ഫോർമുലയിൽ ചാൻസലറായ ഗവർണർ തർക്കമുന്നയിച്ചതോടെ അന്തിമ തീർപ്പ് കോടതിയുടേതാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് നൽകിയ വി.സി നിയമന പാനൽ സ്വീകരിക്കാതെ പകരം രണ്ട് പേരുകളുമായി ഗവർണർ സുപ്രീംകോടതിയിലേക്ക് നീങ്ങിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
സർക്കാറും ഗവർണറും സമവായത്തിലെത്തിയില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച തങ്ങൾതന്നെ വി.സിമാരെ നിയമിച്ച് ഉത്തരവിടുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ സർക്കാറും ഗവർണറും സമവായത്തിലെത്താനുള്ള സാധ്യത കുറവാണ്.
രണ്ട് സർവകലാശാലകളിലേക്കും റിട്ട. ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായ സെർച് കമ്മിറ്റികളെയാണ് വി.സി നിയമനത്തിനുള്ള പാനൽ തയാറാക്കാൻ നിയോഗിച്ചത്. രണ്ട് സെർച് കമ്മിറ്റികളിലും സർക്കാറിന്‍റെയും ഗവർണറുടെയും രണ്ട് വീതം പ്രതിനിധികളും അധ്യക്ഷനും ഉൾപ്പെടെ അഞ്ച് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അപേക്ഷകരിൽനിന്ന് യോഗ്യരായി കണ്ടെത്തിയവരെ സെർച് കമ്മിറ്റി അഭിമുഖത്തിന് ക്ഷണിക്കുകയും കോടതി നിർദേശപ്രകാരം പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച പാനൽ ഗവർണർക്ക് കൈമാറിയെങ്കിലും അംഗീകരിച്ചില്ല.
പകരം ഗവർണർ കെ.ടി.യുവിലേക്ക് നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വി.സിയായ ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി.സിയായി കോഴിക്കോട് എൻ.ഐ.ടി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രഫ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയുമായിരുന്നു. ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിന് മുൻ വി.സി സജി ഗോപിനാഥിന്‍റെ പേരാണ് മുൻഗണന നൽകി മുഖ്യമന്ത്രി പാനൽ സമർപ്പിച്ചത്.
ഡോ. എം.എസ്. രാജശ്രീ, ഡോ. ജിൻ ജോസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർ. കെ.ടി.യു വി.സി സ്ഥാനത്തേക്ക് ഡോ. സി. സതീഷ് കുമാറിന്‍റെ പേരാണ് മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

