ഡി.ഐ.ജി പൊലീസുകാരനെ അധിക്ഷേപിച്ചു; ഡി.ജി.പി റിപ്പോർട്ട് തേടി
text_fieldsകോഴിക്കോട്: തന്‍റെ പേഴ്സനൽ സെക്യൂരിറ്റി ഓഫിസറായി നിയമിച്ച പൊലീസുകാരനെ ഡി.ഐ.ജി പരസ്യമായി ചീത്തവിളിച്ച സംഭവത്തിൽ ഇന്റലിജൻസ് എ.ഡി.ജി.പിയോട് ഡി.ജി.പി റിപ്പോർട്ട് തേടി. ഇരുവിഭാഗത്തിന്റെയും വിശദീകരണം തേടിയ ശേഷം പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകാനാണ് നിർദേശം. സംഭവത്തിൽ പരാതി ലഭിച്ചില്ലെങ്കിലും പൊലീസ് സംഘടന നേതാക്കളുടെ വിമർശനങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് ഡി.ജി.പിയുടെ നടപടി.
കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഡി.ഐ.ജി പൊതുജനങ്ങളുടെ മധ്യത്തിലിട്ട് പി.എസ്.ഒയെ അസഭ്യം പറഞ്ഞതായാണ് പരാതി. തിരുവനന്തപുരത്തുനിന്ന് ഡി.ഐ.ജി ഒരു വിവാഹവുമായി ബന്ധപ്പെട്ട് വടകരയിൽ എത്തിയപ്പോൾ പേഴ്സനൽ സെക്യൂരിറ്റി സ്റ്റാഫിനെയും ഡ്രൈവറെയും ആവശ്യപ്പെട്ടെന്നും കണ്ണൂർ സായുധ സേന കമാൻഡന്റിന്റെ സ്റ്റാഫിലെ പൊലീസുകാരനെയും ഡ്രൈവറെയും നിയമിച്ചെന്നുമാണ് സംഘടന നേതാക്കൾ പറയുന്നത്.
പരിപാടി കഴിഞ്ഞ് ഡി.ഐ.ജിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ അദ്ദേഹത്തെ അനുഗമിക്കുന്നതിന് റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ ഏർപ്പാടാക്കിയിരുന്നെങ്കിലും അവർ എത്തിയില്ല.
പൊലീസുകാർ അവിടെ ഉണ്ടാവാത്തത് പി.എസ്.ഒയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് ആരോപിച്ച് പരസ്യമായി റെയിൽവേ പ്ലാറ്റ് ഫോമിൽവെച്ച് അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ‘തിരുവനന്തപുരത്ത് നിനക്ക് ഒരു കോഴ്സുണ്ട്. അതിൽ, എങ്ങനെയാണ് പി.എസ്.ഒയുടെ ഡ്യൂട്ടി ചെയ്യേണ്ടതെന്ന് പഠിപ്പിച്ചുതരാം’ എന്ന് പറഞ്ഞായിരുന്നുവത്രെ അസഭ്യവർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

