Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണം
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഡയസ്നോൺ...

സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണം

text_fields
bookmark_border
Listen to this Article

തിരുവനന്തപുരം: തിരുവനന്തപുരം: അഖിലേന്ത്യ ദ്വിദിന പണിമുടക്കുമായി ബന്ധപ്പെട്ട്​ ഹൈകോടതി ഇടപെടലിന്‍റെ സാഹചര്യത്തിൽ സ‍ർക്കാ‍ർ ഡയസ്​നോൺ പ്രഖ്യാപിച്ചു. സംസ്ഥാന സ‍ർക്കാർ ജീവനക്കാർ ചൊവ്വാഴ്ച​ ജോലിക്ക് ഹാജരാകണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിൽ സംസ്ഥാന സർക്കാർ ജീവനക്കാർ പ​ങ്കെടുക്കുന്നത്​ നിയമവിരുദ്ധമായാണെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ഹൈകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ തീരുമാനമെന്ന്​​ ഇതുസംബന്ധിച്ച്​ രാത്രി ഇറങ്ങിയ ഉത്തരവിൽ ചീഫ്​ സെക്രട്ടറി വ്യക്തമാക്കി.

അവശ്യ സാഹചര്യത്തിലല്ലാതെ ചൊവ്വാഴ്ച ആ‍ർക്കും അവധി അനുവദിക്കില്ല. ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാലോ ജീവനക്കാരന്​ പരീക്ഷയുണ്ടെങ്കിലോ പ്രസവസംബന്ധമായതോ മറ്റ്​ ഒഴിച്ചുകൂടാനാകാത്തതോ ആയ കാര്യങ്ങളുണ്ടെന്ന്​ ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാകും അവധി അനുവദിക്കുക. ഇക്കാര്യങ്ങൾ വകുപ്പ്​ മേധാവികൾ പരിശോധിച്ച്​ ഉറപ്പുവരുത്തണം​.

ഹൈകോടതി പരാമർശത്തിന്‍റെ സാഹചര്യത്തിൽ സർക്കാർ അഡ്വക്കറ്റ്​ ജനറലി​​നോട് നിയമോപദേശം തേടിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ്​ സെക്രട്ടറിക്ക് ഹൈകോടതി ഉത്തരവിന്‍റെ പക‍ർപ്പ് കൈമാറി. അതിന്​ പിന്നാലെയാണ്​ ഡയസ്​നോൺ പ്രഖ്യാപിച്ച്​ ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്​.

സമരത്തോടനുബന്ധിച്ച്​ പൊതുമുതൽ നശിപ്പിക്കുന്നവരെ പ്രോസിക്യൂട്ട്​ ചെയ്യും. പണിമുടക്കിൽ പ​ങ്കെടുക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സർക്കാർ ജീവനക്കാർക്ക്​ ജോലിക്കെത്താനുള്ള സൗകര്യങ്ങൾ കെ.എസ്​.ആർ.ടി.സി എം.ഡിയും ജില്ല കലക്​ടർമാരും ഉറപ്പുവരുത്തണം. ജോലിക്കെത്തുന്നവർക്ക്​ സംരക്ഷണം നൽകണമെന്ന്​ ജില്ല കലക്ടർമാർക്കും വകുപ്പ്​ മേധാവികൾക്കും പൊലീസ്​ മേധാവിക്കും ഉത്തരവിൽ നിർദേശം നൽകി​. ഓഫിസുകൾക്ക്​ മുന്നിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, ഡയസ്നോൺ പ്രഖ്യാപിച്ചതിനെതിരെ തൊഴിലാളി യൂനിയനുകൾ രംഗത്തുവന്നു. ചൊവ്വാഴ്ചയും സമരത്തിന്റെ ഭാഗമാകും. ഹൈകോടതി നിർദേശം ഒരുതരത്തിലും സമരത്തെ ബാധിക്കില്ലെന്നും യൂനിയൻ നേതാക്കൾ വ്യക്തമാക്കി.

സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാനാവില്ലെന്ന് കോടതി

സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാൻ അവകാശമില്ലെന്നും പണിമുടക്ക്​ സമരങ്ങളിൽ അവർ പ​ങ്കെടുക്കുന്നത്​ തടഞ്ഞ്​ എത്രയും വേഗം സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 86-ാം വകുപ്പ്​ പ്രകാരം സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാനാവില്ല. ജീവനക്കാർ സമരത്തിൽ പങ്കാളിയാവുന്നത്​ തടയാൻ സർക്കാറിനും ബാധ്യതയുണ്ടെന്ന്​ ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാർ, ജസ്റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

ട്രേഡ് യൂനിയനുകൾ 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഈ ദിവസങ്ങളിൽ സർക്കാർ ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡൻ നായർ നൽകിയ ഹരജിയിലാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

പൊതുപണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടില്ലെന്നും പണിമുടക്കുന്ന ജീവനക്കാർക്കും അധ്യാപകർക്കും പിന്തുണ നൽകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ദേശീയ പണിമുടക്ക്​ ദിവസം ഹാജരാകാത്ത ജീവനക്കാർക്കും അധ്യാപകർക്കും അവധി അനുവദിക്കാനുള്ള 2019 ജനുവരി 31ലെ ഉത്തരവ്​ റദ്ദാക്കിയ ഹൈകോടതി പണിമുടക്കിയവർക്ക്​ ശമ്പളം നൽകരുതെന്ന ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത്​ നടപ്പാക്കാൻ നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറഞ്ഞു.

പണിമുടക്ക്​ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചെങ്കിലും ഹരജി വൈകിയാണ്​ വന്നതെന്നും പണിമുടക്ക്​ പ്രഖ്യാപിച്ച ​ട്രേഡ്​​ യൂനിയനുകളെ കക്ഷിചേർത്തിട്ടില്ലെന്നും അഡ്വക്കറ്റ്​ ജനറൽ ചൂണ്ടിക്കാട്ടി. പണിമുടക്കിൽ സംബന്ധിച്ചയാ​ളാണെന്ന്​ ബോധ്യപ്പെട്ടാലേ അക്കാലയളവിലെ ശമ്പളം നിഷേധിക്കാനും അച്ചടക്കനടപടിക്കും സാധ്യമാവൂ​ എന്നും എ.ജി വ്യക്തമാക്കി. എന്നാൽ, സർക്കാർ ജീവനക്കാർക്ക്​ ബാധകമായ നിയമപ്രകാരം ഏതെങ്കിലും പണിമുടക്കിലോ സമാന സമരങ്ങളിലോ പ​​ങ്കെടുക്കാൻ ജീവനക്കാർക്ക്​ അവകാശമില്ലെന്ന്​ കോടതി വ്യക്തമാക്കി. ജീവനക്കാർ കൂട്ടമായോ അല്ലാതെയോ സർക്കാർ ജോലികൾ മന്ദഗതിയിലാക്കുകയോ അങ്ങനെയാക്കാൻ ശ്രമിക്കുകയോ അരുതെന്നും ചട്ടത്തിലുണ്ട്.

കടകമ്പോളങ്ങളും സർക്കാർ ഓഫിസുകളും അടഞ്ഞുകിടക്കുകയും ഗതാഗതം നിലക്കുകയും ചെയ്ത കാഴ്ചയാണ്​ കൺമുന്നിലുള്ളത്​. ട്രേഡ്​ യൂനിയൻ ആക്ട്​ പ്രകാരം പ്രവർത്തിക്കുന്ന ട്രേഡ്​ യൂനിയനുകൾക്ക്​ അവരുമായി ബന്ധ​മില്ലാത്ത കാര്യത്തിൽ ഇപ്രകാരം ദേശീയതലത്തിൽ ഭരണനിർവഹണം സ്തംഭിപ്പിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ എന്ന തൊഴിൽ ദാതാവുമായി തൊഴിൽ തർക്കങ്ങളൊന്നും നിലവിലില്ല. എന്നാൽ, മാർച്ചിൽ പണിമുടക്ക്​ നോട്ടീസ്​ ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ല.

ജീവനക്കാർക്ക്​ ജോലിക്ക്​ എത്താനാവുംവിധം ബസുകൾ ഓടിക്കാൻ തയാറായില്ല. ജീവനക്കാരെ തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതോ വാഹനങ്ങൾ ഓടിക്കേണ്ടതോ സംബന്ധിച്ച്​ ഉത്തരവുകൾ പുറപ്പെടുവിച്ചില്ല. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന്​ ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സർക്കാറിനുണ്ട്​.

ജീവനക്കാർക്ക്​ ​ജോലിക്കെത്താൻ പൊലീസ്​ സംരക്ഷണത്തോടെ മതിയായ ബസ്​ സർവിസുകൾ സർക്കാർ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവർക്കെതിരെ ഡയസ്​നോൺ ഉപയോഗിക്കാനും കഴിയും.

പണിമുടക്കുന്നത്​ തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ജോലിക്ക്​ എത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയോ​ സർക്കാർ ചെയ്യാത്ത സാഹചര്യം വിലയിരുത്തിയാണ്​ സർക്കാർ ജീവനക്കാർ പണിമുടക്കിൽ പ​ങ്കെടുക്കുന്നത് തടഞ്ഞും ലംഘിക്കുന്നവർക്കെതിരെ നടപടിക്ക്​ നിർദേശിച്ചും​ വകുപ്പുമേധാവികൾക്ക്​ ഉടൻ ഉത്തരവ്​ നൽകാൻ ചീഫ്​​ സെക്രട്ടറിക്കും പൊതുഭരണ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും​ നിർദേശം നൽകിയത്​. ജീവനക്കാർക്ക്​ ജോലിക്കെത്താൻ മതിയായ വാഹന സൗകര്യം ഉറപ്പുവരുത്തി ഉത്തരവിടണമെന്നും നിർദേശിച്ചു.

ഉത്തരവ്​ എത്രയും വേഗം സർക്കാറിന്​ കൈമാറണം. നിയമം നടപ്പാക്കാനും ​ക്രമസമാധാനം പരിപാലിക്കാനും നടപടികൾക്ക്​ സർക്കാറിന്​ ബാധ്യതയുണ്ട്​. ​ട്രേഡ്​ യൂനിയനുകളെയും സർവിസ്​ സംഘടനകളെയും കേസിൽ കക്ഷിചേർക്കൽ ഈ ഘട്ടത്തിൽ അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national strikediesnon
News Summary - diesonon announced in the state; Government employees must report for work tomorrow
Next Story