ബി.എൽ.ഒ ജീവനൊടുക്കിയത് കടുത്ത സമ്മർദം താങ്ങാനാവാതെയെന്ന് പിതാവ്; ‘ഇത്രത്തോളമെത്തുമെന്ന് പ്രതീക്ഷിച്ചില്ല’
text_fieldsകണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും (ബി.എൽ.ഒ) കുന്നരു എ.യു.പി സ്കൂളിലെ ഓഫീസ് അറ്റന്റന്റുമായ അനീഷ് ജോർജ് ജീവനൊടുക്കിയത് കടുത്ത സമ്മർദം താങ്ങാനാകാതെയെന്ന് പിതാവ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കുറേ ദിവസമായി സമ്മർദവുമായി നടക്കുകയായിരുന്നെന്നും പിതാവ് ജോർജ് മാസ്റ്റർ പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തരക്കാണ് മകൻ ആത്മഹത്യ ചെയ്തതായി കണ്ടത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കുറേ ദിവസമായി സമ്മർദവുമായി നടക്കുകയായിരുന്നു. അത് ഇത്രത്തോളമെത്തുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. ബുദ്ധിമുട്ടുള്ള പണി ചെയ്ത് ശീലമില്ലാത്തതുകൊണ്ട് വന്നുപോയ ഒരു ടെൻഷനിൽ നിന്നുണ്ടായതാണ് ഈ കടുംകൈ. ഒരു പരിചയവുമില്ലാത്ത വിസ്തൃതമായ ഏരിയയിലെ എല്ലാവരെയും കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് മനസ്സിലാക്കുന്നത്. മരണത്തിൽ ഏതെങ്കിലും വ്യക്തികൾക്കോ സമൂഹത്തിനോ പ്രസ്ഥാനത്തിനോ ഒരു ബാധ്യതയുമില്ല -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിച്ച നിലയിൽ കണ്ടത് വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ
പയ്യന്നൂര്‍: അനീഷ് ജോര്‍ജിനെ (45) മരിച്ച നിലയിൽ കണ്ടത് വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലർച്ചെ ഒന്നുവരെ ജോലി ചെയ്തതായി വീട്ടുകാർ പറയുന്നു. ഏറ്റുകുടുക്കയിലെ ജോർജ് മാസ്റ്ററുടെയും മേരി ടീച്ചറുടെയും മകനാണ്. ഭാര്യ: ഫാബില. മക്കൾ: ലിവിയ, ജുവാൻ. രാവിലെ കുടുംബത്തെ പള്ളിയിൽ കൊണ്ടുവിട്ടതിനു ശേഷമായിരുന്നു സംഭവം. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി.
ബി.എൽ.ഒമാർ നാളെ പണിമുടക്കും
ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ തീരുമാനം. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ല വരണാധികാരി ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി നേതാക്കളായ എം.വി. ശശിധരനും കെ.പി. ഗോപകുമാറും അറിയിച്ചു. അനീഷ് ജോർജ് ജീവനൊടുക്കിയതിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് നേതാക്കൾ ആരോപിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർ കടുത്ത സമ്മർദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് കൂടുതൽ സമ്മർദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബി.എൽ.ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമരസമിതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

