രാഹുലിൽ പഠിച്ചില്ല, ദിലീപിൽ ‘സീനായി’; ഒറ്റപ്പെട്ട് അടൂർ പ്രകാശ്
text_fieldsതിരുവനന്തപുരം: പാർട്ടി നടപടിയെടുത്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചതിൽ കൈപൊള്ളിയതിന് പിന്നാലെ നടൻ ദിലീപിനെ പിന്തുണച്ച് മുന്നണിയെ ഒന്നാകെ വറുചട്ടിയിലേക്ക് തള്ളിയ അടൂർ പ്രകാശിനെതിരെ പാർട്ടിക്കുള്ളിൽ രൂക്ഷ വികാരം. യു.ഡി.എഫ് കൺവീനർ കൂടിയായ അടൂർ പ്രകാശിനെ ഹൈകമാൻഡ് ഇടപെട്ട് തിരുത്തിപ്പറയിച്ചെങ്കിലും പോളിങ് ദിനത്തിലെ പരാമർശങ്ങൾ കോൺഗ്രസിന് കല്ലുകടിയായി. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ വെറുതെവിട്ടത് പ്രോസിക്യൂഷൻ വീഴ്ചയായും സർക്കാറിന്റെ പരാജയമായും സ്ഥാപിച്ച് കടന്നാക്രമണത്തിന് കോൺഗ്രസ് തയാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി സ്വന്തം തട്ടകത്തിൽ തന്നെ ബോംബുപൊട്ടിയത്. വിധി മറിച്ചായിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ നേട്ടമായി അവതരിപ്പിക്കാനും പ്രചാരണവിഷയമാക്കാനും കാത്തിരുന്ന സി.പി.എമ്മിനെ സംബന്ധിച്ച് നിരാശയായിരുന്നെങ്കിലും അടൂർ പ്രകാശിന്റെ പരാമർശത്തോടെ ഇത് മാറിക്കിട്ടിയെന്ന് മാത്രമല്ല, വിവാദം യു.ഡി.എഫിനെതിരെ തിരിക്കുകയും ചെയ്തു. പരാമർശം പ്രകാശ് തിരുത്തിയിട്ടും വിവാദം കത്താൻ കാരണമിതാണ്.
അതിജീവിതക്കൊപ്പമെന്ന പ്രഖ്യാപിത കോൺഗ്രസ് നിലപാട് നിലനിൽക്കുമ്പോൾ തന്നെ മുതിർന്ന നേതാവിൽ നിന്നുണ്ടായ കടകവിരുദ്ധമായ പരസ്യനിലപാട് കെ.പി.സി.സിയെ അമ്പരപ്പിച്ചു. പാർട്ടി നിലപാടിൽ സാധാരണ പ്രവർത്തകർക്കും വോട്ടർമാർക്കുമിടയിൽ സംശയമുണ്ടാക്കി എന്ന് മാത്രമല്ല, ‘കോൺഗ്രസ് ഇരക്കൊപ്പമോ അതോ പ്രതിക്കൊപ്പമോ’എന്ന ചോദ്യവും ഉയർത്തി. ചലച്ചിത്ര മേഖലയിലെ വനിത കൂട്ടായ്മകൾ, മറ്റ് സ്ത്രീ സംഘടനകൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവർ, ഇരക്ക് നീതി ലഭിക്കാനായി പോരാടുന്നവർ എന്നിവർക്കിടയിലെല്ലാം ഈ നിലപാട് ശക്തമായ എതിർപ്പിനും വഴിവെച്ചു. ഇതാണ് നേതൃത്വത്തിന്റെ വേഗത്തിലുള്ള ഇടപെടലിലേക്കും കെ.പി.സി.സി ഓഫിസിലേക്ക് വിളിച്ചു വരുത്തുന്നതിലേക്കും കാര്യങ്ങളെത്തിച്ചത്.
അടൂർ പ്രകാശിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നുമുള്ള പ്രതിരോധമായിരുന്നു തുടക്കത്തിലെങ്കിൽ സമ്മർദം കനത്തതോടെയാണ് തിരുത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും സമാന സമീപനം സ്വീകരിച്ച അടൂർ പ്രകാശിന്റെ നടപടി പിന്നീട് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നു. പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യുകയും പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടും രാഹുൽ നിയമസഭയിൽ വന്നതിലടക്കം അനുകൂല സമീപനമായിരുന്നു അടൂർ പ്രകാശിന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

