കാഞ്ഞിരപ്പള്ളിയുമില്ല, ചങ്ങനാശ്ശേരിയുമില്ല; സി.പി.ഐക്ക് വൈക്കം മാത്രം
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുമുന്നണിയുടെ ചിത്രം തെളിയുേമ്പാൾ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ് സി.പി.ഐ.
1982 മുതൽ കൈവശം വെച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റും കിട്ടിയില്ല, പകരം ആവശ്യപ്പെട്ട ചങ്ങനാശ്ശേരിയുമില്ല. രണ്ടുസീറ്റും കേരള കോൺഗ്രസ്-എമ്മിന് നൽകിയതോടെ സി.പി.ഐ സംവരണ മണ്ഡലമായ വൈക്കത്ത് മാത്രമായൊതുങ്ങി. ഇതോടെ ജില്ലയിൽ സീറ്റുകളുടെ എണ്ണത്തിൽ സി.പി.എം രണ്ടാം സ്ഥാനത്തായി.
ആകെയുള്ള ഒമ്പതുസീറ്റിൽ ജോസ് വിഭാഗം അഞ്ചുസീറ്റിലും സി.പി.എം മൂന്നുസീറ്റിലും മത്സരിക്കാനാണ് ധാരണ ആയിട്ടുള്ളത്. ചങ്ങനാശ്ശേരി, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളാണ് കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്തത്. ഇതിൽ പൂഞ്ഞാറും ചങ്ങനാശ്ശേരിയും കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസും പാലാ എൻ.സി.പിയും മത്സരിച്ച സീറ്റുകളാണ്.
ജനാധിപത്യ കേരള കോൺഗ്രസിനും എൻ.സി.പിക്കും ഇത്തവണ സീറ്റില്ല. പഴയ വാഴൂർ മണ്ഡലമാണ് പുതിയ കാഞ്ഞിരപ്പള്ളിയായി മാറിയത്. പഴയ കാഞ്ഞിരപ്പള്ളിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ പൂഞ്ഞാർ മണ്ഡലത്തിലാണ്. 1982ലും '87ലും കാനം രാജേന്ദ്രനാണ് വാഴൂർ മണ്ഡലത്തിൽ ജയിച്ചത്.
തുടർന്നിതുവരെ സി.പി.ഐതന്നെയാണ് ഈ സീറ്റ് കൈവശം വെച്ചിരുന്നത്. സീറ്റ് ചർച്ച ധാരണയിലെത്തിക്കാൻ കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ മനസ്സില്ലാമനസ്സോടെ തയാറായെങ്കിലും പകരം ചങ്ങനാശ്ശേരി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. എന്നാൽ, ഈ സീറ്റും കിട്ടിയില്ല.
കേരള കോൺഗ്രസ്-എമ്മിെന സംബന്ധിച്ച് യു.ഡി.എഫിലായിരിക്കെ അവർ മത്സരിച്ചിരുന്ന ആറു സീറ്റിൽ അഞ്ചും എൽ.ഡി.എഫിൽ നിലനിർത്താനായി. ഏറ്റുമാനൂരിലും കേരള കോൺഗ്രസ്-എമ്മാണ് മത്സരിച്ചിരുന്നത്.
കോട്ടയത്ത് കെ. അനിൽകുമാറിനെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. സിറ്റിങ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർഥി. മുൻ ജില്ല പഞ്ചായത്ത് അംഗംകൂടിയായ അനിൽകുമാർ മീനച്ചിലാർ-മീനന്തറയാർ നദീ പുനഃസംയോജനപദ്ധതിയുടെ കോഓഡിനേറ്ററാണ്.
ഏറ്റുമാനൂരിൽ സിറ്റിങ് എം.എൽ.എ കെ. സുരേഷ്കുറുപ്പിനെ ഒഴിവാക്കി സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവന് അവസരം നൽകി. 2006ൽ കോട്ടയത്തുനിന്ന് വിജയിച്ച വാസവൻ 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണനോട് തോറ്റിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇത്തവണയും ജെയ്ക് സി. തോമസുതന്നെയാണ്. 2016ൽ 27,092 വോട്ടിനാണ് ജെയ്ക് തോറ്റത്. പാലായിൽ ജോസ് കെ. മാണിതന്നെ മത്സരിക്കും.
കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എം.എൽ.എ എൻ. ജയരാജും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളും പൂഞ്ഞാറിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലും ജനവിധി തേടും. കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ സക്കറിയാസ് കുതിരവേലി, സ്റ്റീഫൻ ജോർജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

