കുരുന്നുകൾക്കും മുത്തശ്ശിക്കും വാടകവീടിനുള്ള ശ്രമം വിഫലമായി
text_fieldsകോട്ടയം: ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് നേരിട്ടുവിളിച്ചിട്ടും ആരും വാടകവീട് നൽകാൻ തയാറായില്ല. ഇതോടെ, കൊലപാതകക്കേസിൽ പ്രതികളായ മാതാപിതാക്കൾ തടവറയിലായതോടെ കുരുന്നുകൾക്കും മുത്തശ്ശിക്കും അന്തിയുറങ്ങാൻ വാടകവീട് കിട്ടുമെന്ന പ്രതീക്ഷയും അസ്തമിച്ചു. പൊലീസ്ശ്രമം പരാജയപ്പെട്ടതോടെ വാടകവീട് കണ്ടെത്തി സൗകര്യമൊരുക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസർ ബിനോയിയെ കലക്ടർ ഡോ. ബി.എസ്. തിരുമേനി ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വിശദ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയിട്ടുണ്ട്. മുത്തശ്ശിക്ക് കിട്ടുന്ന പെൻഷൻ തുകയിൽനിന്ന് വാടക നൽകാമെന്ന് അറിയിച്ചതോടെ സഹായിക്കാൻ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും മുന്നിട്ടിറങ്ങി വീട് കണ്ടെത്താനുള്ള നീക്കമാണ് വിഫലമായത്.
കുട്ടികളുടെ പഠനത്തിനു സൗകര്യപ്രദമായി നഗരത്തിലും സമീപങ്ങളിലും ആറോളം വാടകവീടുകൾ കണ്ടെത്തിയെങ്കിലും ഇവരെ താമസിപ്പിക്കാൻ ആരും തയാറായില്ലെന്ന് ഇൗസ്റ്റ് സി.െഎ സാജുവർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പൊലീസിെൻറ ഉറപ്പ് ആരും മുഖവിലയ്ക്കെടുക്കാത്ത സ്ഥിതിയാണ്. ഇതോടെ, പ്രതിമാസം 5000 രൂപക്ക് വാടകവീട് തരപ്പെടുത്തി ആവശ്യമായ സൗകര്യമൊരുക്കാൻ മുന്നിട്ടിറങ്ങിയ പൊലീസും പിന്മാറുന്ന സ്ഥിതിയാണ്. ‘മാധ്യമം’ വിഷയം റിപ്പോർട്ട് ചെയ്തതോടെ വിഷയത്തിൽ ഇടപെട്ട ചില സന്നദ്ധസംഘടനകളും വീട് കണ്ടെത്താനുള്ള ഉൗർജിതശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിതാവിെന െകാന്നതടക്കം രണ്ട് കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട വിനോദ്കുമാർ പുറത്തിറങ്ങിയാൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് പലരുടെയും പിന്മാറ്റം.
തെരുവിൽനിന്ന് തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയ ഒമ്പതിലും എട്ടിലും ആറിലും പഠിക്കുന്ന മൂന്ന് ആൺകുട്ടികളുടെ പഠനം തുടരാനായിട്ടില്ല. നാലുവയസ്സുള്ള പെൺകുട്ടി തോട്ടയ്ക്കാട് ഇൻഫൻറ് ജീസസ് ഗേൾസ് ഹോമിലും മുത്തശ്ശി സാന്ത്വനം അഭയകേന്ദ്രത്തിലുമാണ് കഴിയുന്നത്. ചിൽഡ്രൻസ് ഹോമിലെ സാഹചര്യവുമായി കുട്ടികൾ ഇണങ്ങിയിട്ടില്ലെന്ന് തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മോഹനൻ പറഞ്ഞു. മുത്തശ്ശിക്കും അനുജത്തിക്കുമൊപ്പം താമസിച്ച് സ്കൂളിൽ പോകാനാണ് ഇവർ താൽപര്യം പ്രകടിപ്പിക്കുന്നത്. ഇൗസാഹചര്യത്തിൽ ഹോമിൽനിന്ന് സ്കൂളിലേക്ക് അയച്ചാലും മടങ്ങിവരാനുള്ള സാധ്യത കുറവാണ്. ചെറുപ്രായം മുതൽ ക്രിമിനൽ പശ്ചാത്തലത്തിൽ വളർന്നവരുടെ ചെറുദൂഷ്യഫലങ്ങളും തടസ്സമാണ്. ഇത് കണക്കിലെടുത്ത് ശനിയാഴ്ച രാവിലെ 10ന് ക്ലിനിക്കൽ സൈക്കോളിസ്റ്റ്, സൈക്യാട്രിസ്റ്റ്, കൗൺസിലർ എന്നിവരടങ്ങുന്ന മൂന്നംഗസംഘം കുട്ടികളുമായി കൂടിക്കാഴ്ച നടത്തും.
ആഗസ്റ്റ് 23ന് പയ്യപ്പാട് മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ വിനോദ്കുമാർ (കമ്മൽവിനോദ് -38), ഭാര്യ കുഞ്ഞുമോൾ (34) എന്നിവരെ ജയിലിലിൽ അടച്ചതോടെയാണ് ദുരിതം കൂട്ടിനെത്തിയത്. മീനടം പീടകപ്പടിയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ട കൊച്ചുമക്കളുമായി വിനോദിെൻറ മാതാവും റിട്ട. നഗരസഭ ജീവനക്കാരിയുമായ തങ്കമ്മ (60) ഒരുമാസേത്താളം തെരുവിൽ അലഞ്ഞു. പിന്നീട് മുത്തശ്ശിയുടെ മാല പണയപ്പെടുത്തി 14,000 രൂപക്ക് ആക്രിക്കടയിൽനിന്ന് എൻജിൻ ഇല്ലാത്ത പഴയ മാരുതി ഒമ്നി വാൻ വാങ്ങി. മാതാപിതാക്കൾ കഴിയുന്ന സബ്ജയിലിനു സമീപത്തെ റോഡരികിൽ വാഹനം വീടാക്കി മാറ്റി. വിഷയത്തിൽ ജില്ല ഭരണകൂടവും പൊലീസും ഇടപെട്ട് മുത്തശ്ശിയെയും കുരുന്നുകളെയും അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
