പോറ്റി ആദ്യംകടത്തിയത് ശ്രീകോവിൽ വാതിലോ? സംശയം ബലപ്പെടുന്നു, ഉണ്ടായിരുന്നത് രണ്ടരക്കിലോ സ്വർണം
text_fieldsപത്തനംതിട്ട: ഹൈകോടതി വിശദ അന്വേഷണത്തിന് നിർദേശം നൽകിയതോടെ ശബരിമലയിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആദ്യംകടത്തിയത് ശ്രീകോവിൽ വാതിലാണെന്ന സംശയം ബലപ്പെടുന്നു. 1998-99 കാലത്ത് വിജയ് മല്യ ശബരിമല ശ്രീകോവിൽ വാതിലിൽ 2.519 കിലോ സ്വർണം പൊതിഞ്ഞതായാണ് രേഖകൾ. അന്നത്തെ യു.ബി ഗ്രൂപ് ഫിനാൻസ് മാനേജർ എസ്.ആർ. ജയകുമാർ ജോലികൾ പൂർത്തീകരിച്ചശേഷം ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വാതിലിലും ഇതിനുമുകളിലെ കൊത്തുപണികളിലുമായി 2519 ഗ്രാം സ്വർണം പൂശിയതായി വ്യക്തമാക്കിയിരുന്നു. ഇതാണ് ശബരിമലയിൽനിന്ന് അറ്റകുറ്റപ്പണികൾ എന്നപേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം കടത്തുന്നത്. ഇതിലുണ്ടായിരുന്ന 2.519 കിലോ സ്വർണം അപഹരിച്ച പോറ്റി, മറ്റൊരു വാതിൽ ശബരിമലയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
വാതിൽ കൃത്യമായി അടയാത്തതിനാൽ എലികൾ ഉള്ളിൽ കയറുന്നുവെന്ന് തന്ത്രിയും മേൽശാന്തിയും അറിയിച്ചതോടെയാണ് 2018ൽ പുതിയ വാതിൽ നിർമിക്കാൻ ബോർഡ് തീരുമാനിക്കുന്നത്. ഇതിനുള്ള സ്പോൺസർഷിപ് ഉണ്ണികൃഷ്ണൻ പോറ്റി ഏറ്റെടുക്കുകയായിരുന്നു. രമേഷ് റാവു, പി.ആര്‍. അജികുമാര്‍, ഗോവർധൻ, സി.കെ. വാസുദേവന്‍ എന്നിവർ ചേർന്നായിരുന്നു നിർമാണമെന്നാണ് ദേവസ്വം രേഖ. ഇവരിൽനിന്നെല്ലാം പണം വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇതും കവർന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ശ്രീകോവിൽ വാതിലിൽ സ്വർണം പൂശാൻ വഴിപാടായി സ്വർണം നൽകിയത് താനാണെന്ന് കർണാടക ബെല്ലാരി സ്വദേശിയും ജ്വല്ലറി ഉടമയുമായ ഗോവർധൻ മൊഴിനൽകിയിരുന്നു.
2018 ഡിസംബറിൽ ബംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലായിരുന്നു വാതിൽ നിർമാണം. തൃശൂർ സ്വദേശിയായ നന്ദകുമാര്‍ ഇളവള്ളിയായിരുന്നു ശിൽപി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സന്നിധാനത്ത് പോയി അളവെടുത്ത ശേഷമായിരുന്നു നന്ദകുമാര്‍ തടിയിൽ കതക് തീർത്തത്. തൃശൂർ ചൊവ്വൂരിൽനിന്നായിരുന്നു വാതിൽ നിര്‍മിക്കുന്നതിനുള്ള നിലമ്പൂർ തേക്ക് വാങ്ങിയത്. നിർമാണത്തിനുശേഷം ഹൈദരാബാദിലെത്തിച്ച് തടി വാതിലിന് മുകളിൽ ചെമ്പ് പതിപ്പിച്ചു. തുടർന്ന് ചെന്നൈയിലെത്തിച്ച് സ്വര്‍ണം പൂശുകയായിരുന്നു.
പിന്നീട് ഈ വാതിലുമായി ചെന്നൈയിൽ ജയറാം ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. 2019 മാർച്ച് 11ന് ചെന്നൈയിൽനിന്ന് കോട്ടയം പള്ളിക്കത്തോട് ശ്രീധർമശാസ്ത ക്ഷേത്രത്തിലും എത്തിച്ചു. ക്ഷേത്രത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ജയറാം, അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. പത്മകുമാർ എന്നിവരും പങ്കെടുത്തിരുന്നു. തുടർന്ന് രഥഘോഷയാത്രയായി ശബരിമലയിൽ എത്തിച്ച് സ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

