ഇരിക്കൂർ (കണ്ണൂർ): സെപ്റ്റംബർ 30ന് ഇരിക്കൂർ മണ്ഡലത്തിൽ നടന്ന മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പര്യടനത്തിൽനിന്ന് മാറിനിന്ന ഇരിക്കൂർ മണ്ഡലം ഐ.എൻ.എൽ പ്രസിഡൻറ് മടവൂർ അബ്ദുൽ ഖാദറിനെ തൽസ്ഥാനത്തുനിന്ന് നീക്കി. പകരം പ്രസിഡന്‍റായി സി.എ. മജീദിനെ നിയമിക്കാനും ഇരിക്കൂറിൽ ചേർന്ന അടിയന്തര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മടവൂർ അബ്ദുൽ ഖാദറിനെ പാർട്ടിയിൽനിന്ന് നീക്കാൻ മേൽ കമ്മിറ്റിയോട് നിർദേശിക്കുകയും ചെയ്തു. മന്ത്രിയുടെ സ്റ്റാഫിൽ പാർട്ടിയുടെ സജീവ പ്രവർത്തകരെ മറികടന്ന് പ്രസിഡന്‍റിന്‍റെ ഇഷ്ടക്കാരെ നിയമിക്കാൻ പാർട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഇദ്ദേഹം തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുമായി നിസ്സഹകരിക്കുകയായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി.
യോഗത്തിൽ ജില്ല സെക്രട്ടറി ഹമീദ് ചെങ്ങളായി അധ്യക്ഷത വഹിച്ചു. പി. ഹുസൈൻ ഹാജി, വി. അബ്ദുൽ ഖാദർ, അബ്ദുറസാഖ്, ഖാദർ മാങ്ങാടൻ, ഒ.വി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു. എം. മുഹമ്മദ് ബഷീർ സ്വാഗതവും എൻ.പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.