രാഹുലിന് അയോഗ്യത: കോൺഗ്രസ് സത്യഗ്രഹത്തിൽ പ്രതിഷേധമിരമ്പി
text_fieldsതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടിയിൽ എ.ഐ.സി.സി ആഹ്വാനപ്രകാരം ഡി.സി.സികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിൽ പ്രതിഷേധമിരമ്പി. കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നിർവഹിച്ചു.
ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെപോലുള്ള പ്രധാനമന്ത്രിമാരാണ് ജനാധിപത്യത്തിന്റെ അന്തസ്സ്. നിസ്സാര കാരണങ്ങളാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ചൂണ്ടിക്കാട്ടിയത്. അതിന് ബി.ജെ.പിയും മോദിയും ഭരണകൂടവും മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, കൊടിക്കുന്നില്‍ സുരേഷ് എം.പി, ടി.യു. രാധാകൃഷ്ണന്, ശശി തരൂര്‍ എം.പി, എന്‍. ശക്തന്, പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.
ഡി.സി.സികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ല ആസ്ഥാനത്തും ഗാന്ധി പ്രതിമക്ക് മുന്നിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു സത്യഗ്രഹം. എറണാകുളത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കണ്ണൂരിൽ സാഹിത്യകാരൻ ടി. പത്മനാഭനും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിയും പത്തനംതിട്ടയില്‍ ആന്റോ ആന്റണി എം.പിയും തൃശൂരില്‍ ടി.എന്‍. പ്രതാപന് എം.പിയും കോട്ടയത്ത് വി.ടി. ബല്‍റാമും പാലക്കാട് വി.കെ. ശ്രീകണ്ഠന് എം.പിയും കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താൻ എം.പിയും കോഴിക്കോട് എം.കെ. രാഘവന് എം.പിയും വയനാട് എന്‍.ഡി. അപ്പച്ചനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എം.പിയും സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.