ഡി.എച്ച്.എസിൽ കസേരകളിയുടെ രണ്ടാംദിനം: മീനാക്ഷി വിട്ടുനൽകിയില്ല, റീന പിന്മാറിയില്ല
text_fieldsതിരുവനന്തപുരം: മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച ‘അയാൾ കഥ എഴുതുകയാണ്’ എന്ന സിനിമയിൽ തഹസിൽദാർമാർ തമ്മിലുണ്ടായ കസേര കളിയെ ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ കസേര കളി രണ്ടാംദിനവും തുടർന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ മേധാവി ആരെന്ന കാര്യത്തിൽ രണ്ടാംദിവസവും അനിശ്ചിതത്വം. താൽക്കാലിക ഡയറക്ടർ ഡോ. വി. മീനാക്ഷി കസേര ഒഴിയാത്തതിനാൽ ഡോ. കെ.ജെ. റീനക്ക് ചുമതല ഏറ്റെടുക്കാനായില്ല. മീനാക്ഷി ഡയറക്ടറുടെ കസേരയിലും റീന തൊട്ടുമുന്നിലെ കസേരയിലും മുഖത്തോടുമുഖം നോക്കിയിരുന്ന് ജോലി തുടർന്നു.
ഇതിനിടെ, പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരടക്കം ഉദ്യോഗസ്ഥർ നീണ്ട അവധി എടുക്കരുതെന്ന ഉത്തരവും താൽക്കാലിക ഡയറക്ടർ മീനാക്ഷി ഇറക്കി. റീനക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈകോടതിയിൽ സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിൽ തീരുമാനമാകുന്നതുവരെ കസേര കളി തുടർന്നേക്കും.
വെള്ളിയാഴ്ചയാണ് ഡോ. റീന ചുമതലയേൽക്കാനെത്തിയത്. സർക്കാർ ഉത്തരവ് നൽകാത്തതിനാൽ ചുമതല കൈമാറാനാവില്ലെന്നായിരുന്നു ഡോ. മീനാക്ഷിയുടെ നിലപാട്. വൈകീട്ട് ഓഫിസ് സമയം കഴിയുംവരെ ഇരുവരും കാബിനിൽ തുടർന്നു. ശനിയാഴ്ചയും ഇത് ആവർത്തിച്ചു. ആരോഗ്യമന്ത്രിക്കുണ്ടായ അതൃപ്തിയാണ് റീനയുടെ സ്ഥലംമാറ്റത്തിനും ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കും കാരണം. നിപ പരിശോധനഫലം സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പവും ശബരിമലയിലേക്ക് ഡോക്ടർമാരെ വിട്ടുനൽകാനാവില്ലെന്ന റീനയുടെ നിലപാടുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഡയറക്ടറേറ്റിൽ ഭരണസ്തംഭനമില്ല -മന്ത്രി മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ഭരണസ്തംഭനമില്ലെന്നും ഡോ. വി. മീനാക്ഷി കാര്യങ്ങൾ നന്നായി നോക്കുന്നുണ്ടെന്നും മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. യോഗങ്ങളും പ്രവർത്തനങ്ങളും തടസ്സമില്ലാതെ നടക്കുന്നു. മന്ത്രി മുതൽ ഉദ്യോഗസ്ഥർവരെ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നിപ പരിശോധനാ ഫലം മറച്ചുവെച്ചിട്ടില്ല -കെ.ജെ. റീന
തിരുവനന്തപുരം: നിപ പരിശോധന ഫലം തനിക്ക് ലഭിച്ചത് വാർത്തസമ്മേളനത്തിനുശേഷം കൃത്യം 6.24നെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയശേഷം സ്റ്റേ സമ്പാദിച്ച ഡോ. കെ.ജെ. റീന. ഫലം ലഭിച്ചിട്ടും മറച്ചുവെച്ചെന്ന ആരോപണം തെറ്റാണ്. കോടതി പറഞ്ഞതുകൊണ്ടാണ് താൻ ചുമതലയേൽക്കാൻ വന്നത്. വരേണ്ടെന്നു പറഞ്ഞാൽ അതും അനുസരിക്കും. ആരുമില്ലാത്തവർക്ക് നീതിന്യായ വ്യവസ്ഥ തുണയാകുമെന്നാണ് വിശ്വാസം. ഡയറക്ടറുടെ കസേര കിട്ടിയില്ലെങ്കിലും മറ്റൊരു കസേരയിലിരുന്ന് പെൻഡിങ് ജോലികൾ തീർക്കും. പകർച്ചവ്യാധികൾ പടരുന്ന സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ തള്ളിക്കയറി കല്ലുകടിയാവാനില്ല. താൻ ജോലിയിൽ വീഴ്ച കാണിക്കുന്ന ആളല്ല. മകളുടെ വിവാഹത്തിനുപോലും അഞ്ചുദിവസം മുമ്പാണ് വയനാട്ടിലെ ദുരന്തഭൂമിയിൽനിന്ന് മടങ്ങിയെത്തിയതെന്നും റീന മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാനാവില്ലെന്ന് പറഞ്ഞിട്ടില്ല. ദേവസ്വവും ആരോഗ്യവകുപ്പും ചേർന്ന് ആക്ഷൻ പ്ലാൻ ഉണ്ടാക്കണമെന്ന് ആരോഗ്യവകുപ്പ് യോഗത്തിനുള്ള നോട്ടായി കുറിച്ചതാണെന്നും റീന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

