ധീരജിനെ കുത്തിയ ആ കത്തികൊണ്ട് ഞങ്ങളെയും കൂടി കൊന്ന് തരൂ -യൂത്ത് കോൺഗ്രസിനോട് ധീരജിന്‍റെ പിതാവ്
text_fieldsകണ്ണൂർ: ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ തള്ളിയിട്ടില്ല’ എന്ന് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വിളിച്ച പ്രകോപന മുദ്രാവാക്യത്തിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ധീരജിന്‍റെ പിതാവ് രാജേന്ദ്രന്‍. ധീരജിനെ കുത്തിയ ആ കത്തികൊണ്ട് ഞങ്ങളെയും കൂടി കൊല്ലണമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ എല്ലാവർക്കും ബോധ്യമായില്ലേ കോൺഗ്രസുകാരാണ് ഇത് ചെയ്തത് എന്നും അദ്ദേഹം ചോദിച്ചു.
മുദ്രാവാക്യം വിളി കേട്ടിരുന്നു. ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. മൂന്നര വർഷം കൊണ്ട് ഞങ്ങൾ അനുഭവിക്കുന്ന വേദനയെ ഒന്ന് കൂടി ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രകടനമാണ് നടത്തിയത്. ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ ഞങ്ങൾ ഒഴിക്കിയിട്ടില്ല, അതിനിയും തേച്ച് മിനുക്കിയെടുക്കുമെന്നാണ് അവർ മുദ്രാവാക്യം വിളിച്ചത്. ധീരജിനെ കുത്തിയ കത്തി കണ്ടെന്ന് മുമ്പ് ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. ഇതിൽനിന്നെല്ലാം കൊല നടത്തിയത് അവർ തന്നെയാണെന്ന് വ്യക്തമായില്ലേ? -ധീരജിന്‍റെ പിതാവ് ചോദിച്ചു.
ഇരന്നു വാങ്ങിയ മരണമാണെന്നാണ് സുധാകരൻ പറഞ്ഞത്. ഇപ്പോൾ എല്ലാവർക്കും ബോധ്യമായില്ലേ കോൺഗ്രസുകാരാണ് ഇത് ചെയ്തത് എന്ന്. ഞങ്ങളെ എന്തിനാണ് ഇവർ കുത്തിക്കുത്തി നോവിക്കുന്നത്? ഞങ്ങൾ ഇവരോട് എന്ത് തെറ്റാണ് ചെയ്തത്? ഇത് ഞങ്ങളുടെ ഹൃദയത്തെ തകർക്കുകയാണ് ചെയ്യുന്നത്.
ഇവിടെ ജീവച്ഛവമായി ജീവിക്കുന്ന മൂന്ന് ജീവനുകളുണ്ട്. ആ കത്തി കൊണ്ടുവന്ന് ഞങ്ങളെ കൂടി കുത്തിക്കൊല്ലണം. അത്രയ്ക്ക് വേദനയുണ്ട്, അത്രയ്ക്ക സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് പറയുന്നത്... -ധീരജിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

