ധൻരാജ് ഫണ്ട്: നിലപാടിൽ മലക്കംമറിഞ്ഞ് സി.പി.എം
text_fieldsകണ്ണൂര്‍: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവ്-ചെലവ് കണക്ക് പാർട്ടി കാര്യമാണെന്നും പൊതുജനങ്ങളോട് പറയേണ്ടതില്ലെന്നുമുള്ള മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് സി.പി.എം. എൽ.ഡി.എഫ് വടക്കൻ മേഖല ജാഥയുടെ കണ്ണൂർ ജില്ല പര്യടനം പൂർത്തിയാക്കിയശേഷം ജില്ല സെക്രട്ടറി കണക്കുകൾ വാർത്തസമ്മേളനം നടത്തി പുറത്തുവിടുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് ജില്ല കമ്മിറ്റിയുടെ നിലപാട് മാറ്റം.
തിങ്കൾ മുതൽ വ്യാഴം വരെയാണ് ജാഥ കണ്ണൂർ ജില്ലയിലുണ്ടാകുക. കണക്കുകൾ സുതാര്യമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് പ്രതികരിച്ചു. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ് നടന്നുവെന്ന മുന്‍ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ അണികള്‍ക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെങ്കിലും ഫണ്ട് വെട്ടിച്ചെന്ന ആരോപണം നിരന്തരം ആവർത്തിക്കുകയാണ്.
കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷാണ് കണക്ക് പരസ്യപ്പെടുത്തില്ലെന്ന് അറിയിച്ചത്. പാര്‍ട്ടി ആവശ്യത്തിന് പിരിച്ച പണത്തിന്റെ കണക്ക് പാർട്ടിക്കകത്ത് അവതരിപ്പിക്കുകയാണ് പതിവെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പാര്‍ട്ടിക്കുള്ളില്‍ പറയുന്നതാണ് കമ്യൂണിസ്റ്റ് രീതിയെന്നും അദ്ദേഹം വിശദീകരിച്ചു. പയ്യന്നൂരിലെ മുതിർന്ന നേതാവും ജില്ല കമ്മിറ്റിയംഗവുമായ കുഞ്ഞികൃഷ്ണൻ ഫണ്ട് വെട്ടിപ്പ് ആവർത്തിക്കുമ്പോൾ വരവുചെലവ് കണക്ക് പറയില്ലെന്ന ഈ നിലപാട് വലിയ പരിഹാസത്തിനിടയാക്കി.
കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് സി.വി. ധൻരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഫണ്ടില്‍ വെട്ടിപ്പ് നടന്നുവെന്നാണ് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. ഒരുകോടി രൂപ പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു.
പയ്യന്നൂരിലെ ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്നും പണം തട്ടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനിടെ, കുഞ്ഞികൃഷ്ണന് രചിച്ച പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച നടക്കുന്നുണ്ട്. അതിനുമുമ്പ് കണക്ക് പുറത്തുവിടാൻ ധൈര്യമുണ്ടോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

