Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂരിൽ വാവിട്ട് പാർട്ടി; അന്ന് വരമ്പത്ത് കൂലി, ഇന്ന് ചീമേനി

text_fields
bookmark_border
Kodiyeri Balakrishnan, T.I. Madhusoodanan,
cancel
camera_alt

കോടിയേരി ബാലകൃഷ്ണൻ, ടി.ഐ. മധുസൂദനൻ

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട സമയത്തു നടത്തിയ പൊതുയോഗത്തിലാണ് മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ‘വരമ്പത്ത് കൂലി’യെന്ന വിവാദ പരാമർശം. കൊലക്ക് ആഹ്വാനം ചെയ്യുന്ന പരാമർശമെന്ന നിലക്ക് കോടിയേരിക്കെതിരെ വ്യാപക വിമർശനമുണ്ടായി. 2016 ജൂലൈയിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം. പതിറ്റാണ്ടിനുശേഷം ടി.ഐ. മധുസൂദനനെന്ന പയ്യന്നൂരിലെ മുൻ എം.എൽ.എയും വാവിട്ട വാക്കിൽ കുടുങ്ങി.

ചീമേനി സംഭവത്തിൽ കോടതി ആരെയും ശിക്ഷിച്ചില്ലെങ്കിലും പ്രതികളാരും ഇപ്പോഴില്ലെന്ന പറച്ചിൽ കൊലപാതകം ഏറ്റുപറയുന്നതായെന്നാണ് വിമർശനം. പലരെയും ശരിപ്പെടുത്തിയിട്ടുണ്ടെന്ന് പണ്ട് തൊടുപുഴയിൽ മുൻ മന്ത്രി എം.എം. മണി നടത്തിയതുപോലെയുള്ള പരാമർശമായി ഇത്.

ചീമേനിയിൽ കോൺഗ്രസും സി.പി.എമ്മും നടന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് ലോക്കൽ കമ്മിറ്റി ഓഫിസ് തീയിടുന്നതിൽ കലാശിച്ചത്. അഞ്ചു സി.പി.എമ്മുകാർ കൊല്ലപ്പെട്ടിട്ടും പ്രതികളായ കോൺഗ്രസുകാരെ വെറുതെ വിട്ടു. അവർ പിന്നീട് കൊല്ലപ്പെടുകയാണുണ്ടായത്.

ധനരാജ് വധക്കേസിൽ 16 പേരെയാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ശിക്ഷ മൂന്നുപേരിൽ ഒതുങ്ങി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു നടന്ന അന്വേഷണത്തിലെ വീഴ്ചയാണ് ഇത്രയും പ്രതികൾ കുറ്റമുക്തരാകാൻ ഇടയാക്കിയതെന്ന വികാരം അണികളിലുണ്ട്.

ടി.ഐ. മധുസൂദനന്റെ പരാമർശം വിവാദമായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നവംബർ 20ന് കണ്ണൂരിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേരിട്ടത്. കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷാണ് ആദ്യം ഇക്കാര്യം ഉന്നയിച്ചത്. പിന്നാലെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.കെ. ജനീഷ് നയിച്ച ജാഥയുടെ സമാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ച് ഒരാഴ്ചയാകുമ്പോഴാണ് പരാതിയെന്നതും ശ്രദ്ധേയമാണ്.

കലാപാഹ്വാനമല്ല മുൻ എം.എൽ.എയുടെ ജോലി -ചെന്നിത്തല

കൊച്ചി: സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുൻ പയ്യന്നൂർ എം.എൽ.എയുമായ ടി.ഐ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കലാപാഹ്വാനം നടത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യലല്ല രാഷ്ട്രീയ നേതാക്കളുടെയും എം.എൽ.എയായിരുന്നവരുടെയും ചുമതല. അവർ നാട്ടിൽ സമാധാനം നിലനിർത്താനും കൊലപാതകവും അക്രമവും ഉണ്ടാകാതിരിക്കാനും നേതൃത്വം നൽകേണ്ടവരാണ്. മധുസൂദനൻ കൊലവിളി പ്രസംഗം പിൻവലിക്കണമെന്നും സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും കൊച്ചിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടുണ്ടോ -മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്‍ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എം എൽ.എ. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും ഒരു മുഖ്യമന്ത്രി അങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ചേരാത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. ചോരയ്ക്ക് ചോര എന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസംഗം ആഭ്യന്തരമന്ത്രി ഒന്നു വായിച്ചു നോക്കണം. പ്രസംഗം പരിശോധിച്ച് ആഭ്യന്തരമന്ത്രി തീരുമാനമെടുക്കണമെന്നും റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dhanaraj murder: From 'Varambath kooli' to Cheemeni remark
Next Story