എക്സ്കവേറ്റർ, ബോട്ടുകള്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയാറാക്കി വെക്കാൻ ഡി.ജി.പിയുടെ നിർദേശം
text_fieldsഫയൽ ഫോട്ടോ
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ എക്സ്കവേറ്റർ, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷ ഉപകരണങ്ങള്‍ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയാറാക്കിവെക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്കി.
ജില്ല പൊലീസ് മേധാവിമാര്‍ കലക്ടര്‍മാരുമായും ജില്ലതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം.
മണ്ണിടിച്ചില്‍ പോലെ അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. അവശ്യഘട്ടങ്ങളില്‍ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് അടിയന്തരമായി ലഭ്യമാക്കാന്‍ യൂനിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കണം.
റോഡരികില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അഗ്നി രക്ഷാ സേനയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. അപകടമേഖലകളില്‍നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാര്‍പ്പിക്കണം.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന മുറക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിത പൊലീസിന്റേതടക്കം സേവനം ലഭ്യമാക്കണം. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പറായ 112 ലേക്ക് വരുന്ന എല്ലാ കാളുകളും 24 മണിക്കൂറും അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. പൊലീസ് വിന്യാസത്തിന്റെ ചുമതല സായുധ പൊലീസ് ബറ്റാലിയന് വിഭാഗം എ.ഡി.ജി.പി എം.ആര്.
അജിത്കുമാറിനായിരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് എസ്. സാക്കറെയെയും നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

