‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി റിപ്പോർട്ട് ഡി.ജി.പി ആഭ്യന്തരവകുപ്പിന് കൈമാറി
text_fieldsഡി.ജി.പി രവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിശ്രമം സംബന്ധിച്ച് എ.ഡി.ജി.പി എം.ആര്. അജിത്കുമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരായ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡി.ജി.പി രവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയശേഷമാകും റിപ്പോർട്ടിൽ സർക്കാർ തീരുമാനമെടുക്കുക. തുടരന്വേഷണ റിപ്പോർട്ടിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ വിശദീകരണം തേടിയശേഷമാണ് ഡി.ജി.പി ശിപാർശ സഹിതം കൈമാറിയത്. എന്ത് ശിപാർശയാണ് ഡി.ജി.പി നൽകിയതെന്ന് വ്യക്തമല്ല.
കേസ് ഡയറി തിരുത്തിയെന്ന് പറയുന്ന സമയത്ത് താൻ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ രക്ഷാദൗത്യ ഏകോപന ചുമതലയിലായിരുന്നെന്നാണ് എ.ഡി.ജി.പി നൽകിയ വിശദീകരണം. സ്ഥലത്തില്ലാത്തിനാൽ വിശദീകരണം നൽകാൻ സാധിച്ചില്ല. വിശദീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഡി.ജി.പിയോട് അജിത്കുമാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാതെയാണ് നൽകിയ വിശദീകരണം സഹിതം ഡി.ജി.പി ബുധനാഴ്ച റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.ആർ. അജിത്കുമാർ, എ.ഡി.ജി.പി ഓഫിസിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷ്, ശ്രീകാന്ത്, കേസ് ആദ്യം അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നത് നിർണായകമാണ്.
ഫയർഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ 31ന് വിരമിക്കുമ്പോള്‍ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്ഷന് അടക്കം നടപടി നേരിട്ടാല്‍ ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അത് തടസമാകും. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫിസിലെ ഗ്രേഡ് എസ്.ഐമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചതെന്നാണ് എസ്.ഐ.ടി വിലയിരുത്തല്‍. റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയപ്പോള്‍ ഇതിന് തെളിവായി ചാറ്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ഡി.ജി.പിക്ക് സമർപ്പിച്ചത്.
എസ്.ഐ.ടി റിപ്പോർട്ട് കൈമാറുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് കാരണമായിരുന്നു. ആഭ്യന്തരവകുപ്പിന് ലഭിച്ച സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിയാലോചന നടത്തി തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

