പൂരം അലങ്കോലപ്പെടുത്തൽ; ഡി.ജി.പി റിപ്പോർട്ട് ജൂൺ അവസാനം
text_fieldsതൃശൂർ: തൃശൂർ പൂരം ഹിന്ദുത്വ-സംഘ്പരിവാർ സംഘടനകൾ ചേർന്ന് അലങ്കോലമാക്കിയതു സംബന്ധിച്ച ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ട് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ജൂൺ അവസാനം സർക്കാറിന് സമർപ്പിക്കുമെന്ന് സൂചന. പൂരം അലങ്കോലപ്പെട്ടതിനെ തുടർന്ന് താൻ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഫോൺ എടുത്തില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ അന്വേഷണത്തിനാണ് പൂരം ദിവസം ക്ഷീണം കാരണം ഉറങ്ങിപ്പോയെന്ന വിചിത്രമായ മറുപടി എം.ആർ. അജിത്കുമാർ ഡി.ജി.പിക്ക് നൽകിയിരിക്കുന്നത്.
പൂരത്തിന് നാളുകൾ മുമ്പ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി തൃശൂരിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ജൂൺ അവസാനം ഡി.ജി.പി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടാകും. പൂരം അലങ്കോലമാക്കാൻ ആസൂത്രിത ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി രാജൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അജിത് കുമാർ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. സംഘ്പരിവാർ സംഘടനകളുമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എ.ഡി.ജി.പിക്ക് അതിൽ പങ്കുണ്ടെന്നുമാണ് തുടക്കം മുതൽ ഉയർന്നുകേൾക്കുന്നത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. മുൻ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ സർക്കാർ തയാറായിട്ടില്ല. പൂരം കലക്കൽ വിഷയത്തിൽ എട്ടു മാസം മുമ്പ് പി.വി. അൻവർ ഗുരുതര ആരോപണം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

