മുൻ ഡി.ജി.പിയുടെ ഗുണപാഠക്ലാസിനെതിരെ അസോ. നേതാക്കൾ
text_fieldsതിരുവനന്തപുരം: പൊലീസ് സേനയെ നേർവഴിക്കുനയിക്കാൻ സർക്കാർ നിർദേശപ്രകാരം ക്ലാസെടുക്കാനെത്തിയ മുൻ ഡി.ജി.പി പുലിവാലുപിടിച്ചു. അന്വേഷണത്തിൽ പൊലീസ് സംഘടനകൾ ഇടപെടുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് കഴിഞ്ഞദിവസം ക്ലാസെടുത്തപ്പോൾ മുൻ ഡി.ജി.പി കെ.ജെ. ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുൾപ്പെടെ രംഗത്തെത്തി. തിരുവനന്തപുരം റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് പൊലീസ് െട്രയിനിങ് കോളജിൽ നടന്ന ക്ലാസിലായിരുന്നു തർക്കം. പരാമർശത്തിനെതിരെ ക്ലാസിലുണ്ടായിരുന്ന അസോ. സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് രംഗെത്തത്തി.
പൊലീസ് അസോസിയേഷൻ ഇടപെട്ട ഒരു കേസെങ്കിലും പറയാൻ കഴിയുമോ എന്ന് കെ.ജെ. ജോസഫിനോട് അദ്ദേഹം ചോദിച്ചു. അന്വേഷണത്തിൽ ബാഹ്യശക്തികൾ ഇടപെടാറില്ലെന്ന് വേദിയിലുണ്ടായിരുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയും പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പുകളിൽ മുൻ ഡി.ജി.പിയെ അധിക്ഷേപിച്ച് പോസ്റ്റുകൾ തുടരുകയാണ്.
