അന്വേഷണ സംഘത്തിൽ ഡി.ജി.പിക്ക് അതൃപ്തി
text_fieldsദർവേശ് സാഹിബ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ പി.വി. അന്‍വർ എം.എൽ.എയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പ്രത്യേക സംഘത്തിന് മുന്നിൽ ഇനിയുള്ളത് ഇനി 28 ദിവസം. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കേണ്ട അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ചേർന്നത് രണ്ടു ദിവസം കഴിഞ്ഞ്. തന്റെ നിർദേശം അവഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതിൽ ഡി.ജി.പി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘം പ്രഖ്യാപിച്ച് ആദ്യയോഗം ചേരാൻ രണ്ടു ദിവസം കഴിയേണ്ടി വന്നതും ഇതിന്റെ തുടർച്ചയാണ്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ആ കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയും ഉയരുന്നു.
എം.എൽ.എയുടെയും എ.ഡി.ജി.പിയുടെയും രണ്ടു പരാതികളാണ് സംഘത്തിന് മുന്നിലുള്ളത്. അന്‍വറിന്റെ മൊഴിയെടുത്ത് കൂടുതൽ വിവരവും തെളിവുകളുണ്ടെങ്കിൽ അതും ശേഖരിക്കലാണ് പ്രാഥമിക നടപടി. സംഘത്തിലെ ഏത് ഉദ്യോഗസ്ഥനും ഇത് ചെയ്യാനാവും. എന്നാൽ, ആരോപണവിധേയനായ എ.ഡി.ജി.പിക്കെതിരായി ഡി.ജി.പിക്ക് നേരിട്ട് തെളിവ് ശേഖരിക്കാനാവുമോ എന്നാണ് സംശയം. മേലുദ്യോഗസ്ഥനെതിരായി കീഴുദ്യോഗസ്ഥർ മുന്നോട്ടു പോയാൽ അന്വേഷണം ശരിയായ ദിശയിലാകുമോ എന്ന ചോദ്യവും അൻവർ ഉൾപ്പെടെ ഉന്നയിക്കുന്നു.
നടിമാരുടെ വെളിപ്പെടുത്തൽ സംബന്ധിച്ച കേസുകൾ അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ നേതൃസ്ഥാനത്തുള്ളയാളാണ് ഈ സംഘത്തിലെ ഐ.ജി ജി. സ്പർജൻ കുമാർ. ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ ഡി.ഐ.ജി അജീതബീഗത്തിന് കീഴിലുള്ള അേന്വഷണ സംഘത്തിലുണ്ട്.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പട്ട് കൂടുതൽ കേസുകൾ നിരന്തരം രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ ഇതേ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കേണ്ട മറ്റൊരു സംഘത്തിലും ഉൾപ്പെടുത്തിയതിന്റെ പ്രായോഗികതയിലും സംശയം ഉയരുന്നു. സംഘത്തിലെ രണ്ട് എസ്.പിമാരിൽ ഒരാളുടെ സഹോദരൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ സുരക്ഷാ ഡ്യൂട്ടിയിലെ പൊലീസുകാരനാണ്.
അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ ആരോപണത്തിന്റെ തുടർച്ചയായി എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണം തുടങ്ങി. ആദ്യഘട്ടമായി ഡി.ജി.പി ദർവേശ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊലീസ് ആസ്ഥാനത്ത് രണ്ടു തവണയോഗം ചേർന്നു. സംഘം രൂപവത്കരിച്ച ശേഷം ആദ്യമായാണ് എല്ലാ അംഗങ്ങളും നേരിട്ട് യോഗം ചേരുന്നത്. ഡി.ജി.പിക്ക് പുറമെ, ഐ.ജി ജി.സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, എസ്.പിമാരായ എസ്. മധുസൂദനൻ, എ. ഷാനവാസ് എന്നിവരാണ് അംഗങ്ങൾ.
ഉച്ചക്ക് പന്ത്രണ്ടരയോടെ തുടങ്ങിയ ആദ്യയോഗം ഒരു മണിക്കൂർ നീണ്ടു. രണ്ടാമത്തെ യോഗം വൈകീട്ട് അഞ്ചു മുതൽ ഒരു മണിക്കൂറോളം നീണ്ടു. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും സംഘത്തിന് മുന്നിലുള്ളത്. പി.വി. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറിയുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയും സംഘം പരിശോധിക്കും. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി അജിത്കുമാർ ഡി.ജി.പിക്ക് നൽകിയ കത്തും അന്വേഷണ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

