പൊലീസിലെ ജോലി ക്രമീകരണം: ഡി.ജി.പി മുഖ്യമന്ത്രിക്ക് നൽകിയത് തെറ്റായ കണക്ക്
text_fieldsതിരുവനന്തപുരം: ജോലി ക്രമീകരണത്തിെൻറ പേരിൽ വിവിധ യൂനിറ്റുകളിലും ഉന്നത ഐ.പി.എസുകാരോടൊപ്പവും ‘പണി’യെടുക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഡി.ജി.പി കൈമാറിയത് തെറ്റായ കണക്ക്. ജില്ല പൊലീസ് മേധാവിമാരും എസ്.പിമാരും നൽകിയ വിവരം പരിശോധനകൂടാതെ ഡി.ജി.പി ലോക്നാഥ് െബഹ്റ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് സർക്കാറിന് തിരിച്ചടിയായത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിലുള്ളതിനെക്കാൾ വിവരം ബുധനാഴ്ച പൊലീസ് അസോസിയേഷൻ പുറത്തുവിട്ടാൽ അത് മുഖ്യമന്ത്രിക്ക് തലവേദനയാകും. ഇത് മനസ്സിലാക്കി പൊലീസ് അസോസിയേഷനും ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷനും തയാറാക്കിയ ലിസ്റ്റ് പുറത്തുപോകാതിരിക്കാൻ കനത്ത രാഷ്ട്രീയസമ്മർദമാണ് നേതാക്കൾക്കുമേലുള്ളത്. സംസ്ഥാനത്തെ 471 സ്റ്റേഷനുകളിൽനിന്ന് ജില്ല പൊലീസ് മേധാവിമാർക്കും എസ്.പിമാർക്കും ലഭിച്ച പട്ടിക ബറ്റാലിയൻ എ.ഡി.ജി.പി ആനന്ദകൃഷ്ണൻ നേരിട്ട് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. എന്നാൽ, രേഖാമൂലം ‘മറ്റ് ജോലി’ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മാത്രമാണ് എസ്.ഐമാരും സി.ഐമാരും കൈമാറിയത്.
വാക്കാലുള്ള നിർദേശപ്രകാരം ഐ.പി.എസുകാർക്ക് അനുവദിച്ച പൊലീസുകാരുടെ വിവരം ഇവർ മുക്കിയതോടെ ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കണക്കിൽ കഴമ്പില്ലാതായി. 60ഓളം ഐ.പി.എസുകാരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളിൽ മാത്രം മൂവായിരത്തോളം പൊലീസുകാർ രേഖയില്ലാതെ ജോലി ചെയ്യുന്നെന്നാണ് ഒരുവർഷം മുമ്പ് ടോമിൻ ജെ. തച്ചങ്കരി ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, പുതിയ കണക്ക് പ്രകാരം രണ്ടായിരത്തിൽ താഴെ പൊലീസുകാരാണ് രാഷ്ട്രീയക്കാർക്കും ഉന്നത ഐ.പി.എസുകാർക്കും സഹായത്തിനുള്ളത്.
എന്നാൽ, മുഖ്യമന്ത്രി അറിയിച്ചതിനെക്കാൾ മൂന്നിരട്ടിയോളം പൊലീസുകാർ പേഴ്സനൽ സെക്യൂരിറ്റി ഓഫിസറും (പി.എസ്.ഒ) ഗൺമാൻമാരും ആയി പ്രവർത്തിക്കുന്നെന്നാണ് അസോസിയേഷെൻറ കണക്ക്. ഇവരിൽ പലരും ഉന്നതരുടെ ‘മാസ്റ്റേഴ്സ് ചോയ്സ്’ ആയതോടെ 15 വർഷത്തോളമായി കാക്കിയിടാതെ ശമ്പളം പറ്റുകയാണ്. പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സി.ഐയും എസ്.ഐയും അടക്കം 17 പൊലീസുകാരെയാണ് ‘മറ്റ് ജോലി’കൾക്കായി നിയോഗിച്ചിട്ടുള്ളത്. എന്നാൽ, എസ്.പി ജെ. ജയനാഥ് എ.ഡി.ജി.പി ആനന്ദകൃഷ്ണന് നൽകിയ റിപ്പോർട്ടിലുള്ളത് മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ്. ബാക്കിയുള്ളവർ പൊലീസ് ആസ്ഥാനത്തും ക്രൈം റെക്കോഡ്സ് ബ്യൂറോയിലുമുണ്ടെന്ന് രേഖകൾ പറയുന്നു.
പൊലീസ് ആസ്ഥാനത്ത് ഒമ്പതും എസ്.സി.ആർ.ബിയിൽ അഞ്ചുപേരുമുണ്ട്. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് ഒമ്പതുപേർ പൊലീസ് ആസ്ഥാനത്ത് തുടരുന്നത്. തച്ചങ്കരി പൊലീസ് ആസ്ഥാനം എ.ഡി.ജി.പി ആയിരിക്കെ എസ്.ഐയെ തിരികെ ടെലി കമ്യൂണിക്കേഷനിലേക്ക് അയച്ചെങ്കിലും ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥെൻറ ഒത്താശയോടെ മടങ്ങിയെത്തി. ഇത്തരത്തിൽ തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് പൊലീസ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്.
നേരത്തേ ക്യാമ്പ് ഫോളോവേഴ്സിനെക്കുറിച്ച ചോദ്യത്തിൽ കൃത്യമായ മറുപടി നൽകുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ചപറ്റിയിരുന്നു. ക്യാമ്പ് ഫോളവർമാരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്ക് നിയോഗിക്കാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
