പൊലീസിലെ ‘സാഹിത്യകാരി’ പടിയിറങ്ങുന്നു, ഇനി അധ്യാപന ജീവിതം; വനിതാ ഡി.ജി.പിക്കായി ഇനിയും വർഷങ്ങൾ കാത്തിരിക്കണം
text_fieldsകോട്ടയം: കേരള പൊലീസിലെ ‘സാഹിത്യകാരിയും’ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയുമായി ഡോ. ബി. സന്ധ്യ മേയ് 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങും. ഇനി ഏറെ ഇഷ്ടമുള്ള അധ്യാപന ജീവിതത്തിലേക്കാണെന്നാണ് വിവരം.
ആർ. ശ്രീലേഖക്ക് പിന്നാലെ ബി. സന്ധ്യയും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാതെ വിരമിക്കുന്നതോടെ കേരളത്തിന്‍റെ ആദ്യ വനിതാ പൊലീസ് മേധാവി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.
പൊലീസ് മേധാവിയാകാനാകാത്ത വിഷമം മനസിലൊളിപ്പിച്ച് സന്ധ്യ പടിയിറങ്ങുമ്പോഴും ഫയർഫോഴ്സ് സമർപ്പിക്കുന്ന റിപ്പോർട്ടുകളും നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്ന വേദന ഫയർഫോഴ്സ് മേധാവിയായ സന്ധ്യ പ്രകടിപ്പിച്ചിരുന്നു.
എന്നും എഴുത്തിനേയും അധ്യാപനത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബി. സന്ധ്യ പ്രമാദമായ പല കേസുകളിലേയും അന്വേഷണ ഉദ്യോഗസ്ഥയും പൊലീസിലെ പല നവീരണ പ്രവർത്തനങ്ങളുടേയും മുന്നണി ശിൽപയുമായിരുന്നു. എന്നാൽ പലപ്പോഴും വിവാദങ്ങളും അവരെ വേട്ടയാടിെയന്നത് മറ്റൊരു സത്യം. സാഹിത്യ സൃഷ്ടിയിൽ തുടങ്ങി വീട് വെക്കാൻ സ്ഥലം വാങ്ങിയതിനെ ചൊല്ലി ഉൾപ്പെടെ വിവാദങ്ങൾ പിന്തുടർന്നു. വിവാദമായ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിലും അവരുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു.
കോട്ടയം പാലായിലെ സാധാരണ കുടുംബത്തിൽ ജനിച്ച് കഠിന പ്രയത്നത്തിലൂടെ ഫയർഫോഴ്സ് മേധാവിയെന്ന ഉന്നത സ്ഥാനത്തിലെത്തി വിരമിക്കുമ്പോൾ സന്ധ്യക്ക് ഓർത്തെടുക്കാൻ അഭിമാനകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. 1963 മെയ് 26 ന് പാലാ മീനച്ചിൽ ഭാരതദാസിന്‍റെയും കാർത്ത്യായനി അമ്മയുടേയും മകളായാണ് ജനനം. ആലപ്പുഴ സെന്‍റ് ആന്‍റണീസ് ഹൈസ്കൂൾ, ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡിയും നേടി.
മൽസ്യഫെഡിൽ പ്രോജക്ട് ഓഫിസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ സന്ധ്യ 25 ാമത്തെ വയസിൽ 1988 ലാണ് ഐ.പി.എസ് ലഭിച്ച് കേരള കേഡറിൽ പ്രവർത്തനം ആരംഭിക്കുന്നത്. ലോക രാജ്യങ്ങൾ വരെ സ്വീകരിച്ച ജനമൈത്രി പൊലീസിങ്ങിന്‍റെ പിന്നിലും സന്ധ്യയുടെ കരങ്ങളുണ്ടായിരുന്നു. മികച്ച സേവനത്തിന് രണ്ട് തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. ഷൊർണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്.പിയായി പൊലീസ് ജീവിതം തുടങ്ങിയ സന്ധ്യ റേഞ്ച് ഡി.ഐ.ജി, ഐ.ജി തസ്തികകളിലും എ.ഡി.ജി.പി തസ്തികകളിലുമൊക്കെ പ്രവർത്തിച്ചു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസ്, നടിയെ ആക്രമിച്ച കേസ് എന്നിവയുടെ അന്വേഷണത്തിന് നേതൃത്വം നൽകിയത് സന്ധ്യയായിരുന്നു.
തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും തന്‍റെ സർഗാത്മക സൃഷ്ടിക്ക് അവർ സമയം കണ്ടു. അത് പലപ്പോഴും വിവാദങ്ങൾക്കും കാരണമായി. സർക്കാർ അനുമതി വാങ്ങാതെ പുസ്തക രചന നടത്തിയെന്നതുൾപ്പെടെ വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ അതൊന്നും അവരെ തളർത്തിയില്ല. താരാട്ട്, ബാലവാടി, റാന്തൽ വിളക്ക്, കൊച്ചുകൊച്ചു ഇതിഹാസങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു. ചിത്രരചനയോടും സന്ധ്യക്ക് വലിയ കമ്പമുണ്ട്. ഭർത്താവും കോളജ് അധ്യാപകനുമായിരുന്ന മധുകുമാറും മകൾ ഹൈമയുമായിരുന്നു എന്നും സന്ധ്യയുടെ ശക്തി.
സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ ബി. സന്ധ്യ എത്തുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും അനിൽകാന്തിനെ ഈ സർക്കാർ നിയോഗിച്ചതോടെ ആ അവസരവും നഷ്ടമാകുകയായിരുന്നു. സമാനമായ അവസ്ഥയിലാണ് ആർ. ശ്രീലേഖക്കും പടയിറങ്ങേണ്ടിവന്നത്. ഇനി കേരള പൊലീസിൽ ഐ.ജി റാങ്കിലാണ് വനിതാ ഉദ്യോഗസ്ഥരുള്ളത്. ആ സാഹചര്യത്തിൽ വനിതാ പൊലീസ് മേധാവി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം.
മേയ് 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോഴും പൊലീസ് അക്കാദമി ഉൾപ്പെടെ ഇടങ്ങളിൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചതിന്‍റെ പരിചയ സമ്പന്നതയിൽ ശിഷ്ടകാലം അധ്യാപന ജീവിതത്തിന് മാറ്റിവെക്കാനുദ്ദേശിച്ചാണ് സന്ധ്യ വിരമിക്കുന്നത്.