യുവതികളുടെ ദർശനം: അറിയില്ലെന്ന് കടകംപള്ളിയും ദേവസ്വം ബോർഡും
text_fieldsതിരുവനന്തപുരം: യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദർശനം നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം ബോർഡും പ്രതികരിച്ചു. ഇക്കാര്യത്തിൽ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്ഥിരീകരണത്തിനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
അതേസമയം, ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് ക്ഷേത്രം തന്ത്രി അറിയിച്ചു. യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചാൽ വേണ്ട നടപടി തന്ത്രി സ്വീകരിക്കുമെന്ന് പന്തളം രാജകുടുംബാംഗവും അറിയിച്ചു.
ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുർഗയും ബിന്ദുവും ഇന്ന് രംഗത്തെത്തുകയായിരുന്നു. ഇന്നു പുലർച്ചെ സന്നിധാനത്തിലെത്തി ദർശനം നടത്തിയെന്നാണ് കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു(40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ(40) എന്നിവർ അവകാശപ്പെടുന്നത്. കറുപ്പ് വസ്ത്രവും ഇരുമുടിക്കെട്ടുമായി യുവതികൾ സന്നിധാനത്ത് നടക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
