ദേവിക്ക് അന്തിയുറങ്ങാൻ വീടില്ല; അഭയം നൽകി ഫാത്തിമ
text_fieldsഎകരൂൽ: പരസ്‌പരം സ്നേഹിച്ചും സഹായിച്ചും സഹവർത്തിത്വത്തോടെ ഒരേ കൂരയിൽ കഴിയുന്ന ദേവിയുടെയും ഫാത്തിമയുടെയും ജീവിതം വേറിട്ട കാരുണ്യ മാതൃകയാവുകയാണ്. ഉണ്ണികുളം പഞ്ചായത്തിലെ വാർഡ് 23 ൽ കൂർമൻചാലിൽ ഫാത്തിമയും (69) അയൽവാസിയും ബാല്യകാല കളിക്കൂട്ടുകാരിയുമായ ദേവിയുമാണ്(65) മനുഷ്യ സ്നേഹത്തിന്റെ വേറിട്ട മാതൃകയാവുന്നത്. ഭർത്താവും ഏകമകളും മരിച്ചതോടെ പൊളിഞ്ഞു വീഴാറായ വീട്ടിലായിരുന്നു ദേവിയുടെ താമസം.
കാലപ്പഴക്കത്താൽ മൺ കട്ടയിൽ തീർത്ത വീട് മൂന്ന് വർഷം മുമ്പ് നിലം പൊത്തിയത് മുതൽ ദേവിയുടെ താമസം അയൽപക്കത്ത് താമസിക്കുന്ന ഫാത്തിമയുടെ വീട്ടിലാണ്. ഭർത്താവ് മരിച്ച ഫാത്തിമക്ക് വിവാഹിതയായ ഒരു മകളാണുള്ളത്. മകൾ ഭർത്താവിന്റെ കൂടെ കൂട്ടാലിടയിലാണ് താമസം. ഒറ്റക്ക് താമസിക്കുന്ന ഫാത്തിമക്ക് ദേവി ഒരു സഹോദരിയെ പോലെയാണ്. ദേവിയുടെ വീട് പൊളിഞ്ഞു വീണതോടെ അപര സ്നേഹത്തിൻറെ മനോഹര മാതൃകയായി അവർക്ക് തല ചായ്ക്കാൻ ഇടം നൽകി കൂടെ കൂട്ടിയതാണ് ഫാത്തിമ.
അയൽ വീടുകളിൽ കൂലിവേലക്ക് പോകുന്ന ദേവിയും 70 ലേക്ക് കടക്കുമ്പോളും അടക്ക പൊളിച്ചുനൽകി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഫാത്തിമയും ഈ കൊച്ചു കൂരയിൽ സന്തോഷത്തോടെ കഴിയുകയാണ്. ചെറുപ്പത്തിലേ ഒരുപോലെ കളിച്ചു വളർന്നവരാണ് ഞങ്ങൾ. ഒരുമയുടെ ഈ സ്നേഹ മാതൃക മരണം വരെ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്ന് ഇരുവരും പറയുന്നു. ഒരു കൊച്ചു വീട് നിർമിക്കണമെന്നത് ദേവിയുടെ വർഷങ്ങളായുള്ള ആഗ്രഹമാണ്. വീടിനായി നിരവധി തവണ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫല മുണ്ടായില്ല.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമിച്ചുനൽകുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അർഹരായ കുടുംബങ്ങൾ തഴയപ്പെടുകയാണെന്ന് ദേവി പറയുന്നു. വാർധക്യ ത്തിലേക്ക് കടക്കുമ്പോൾ കിടപ്പിലായാൽ ബന്ധുക്കൾക്ക് ഒപ്പം കഴിയാൻ ഒരു വീടെന്ന സ്വപ്നം പൂവണിയിക്കാൻ സൻമനസുള്ള ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

