ആന ചെരിഞ്ഞ സംഭവം: ദേവസ്വം വിജിലൻസ് അന്വേഷിക്കും
text_fieldsആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജവീരൻ അമ്പലപ്പുഴ വിജയകൃഷ്ണൻ െചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് വിജിലൻസ് എസ്.പി പി.ബി ജോയിയെ ചുമതലപ്പെടുത്തി. ആനയുടെ പരിചരണകാര്യത്തിൽ പാപ്പാന്മാരായ പ്രദീപ്, കെ.എ. അജീഷ് എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞ പശ്ചാത്തലത്തിൽ ഇവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമീഷണർ ജി. ബൈജുവിനെ താൽക്കാലികമായി മാറ്റിനിർത്താനും ബോർഡ് യോഗം തീരുമാനിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. അതിനിടെ, ആനയുടെ സംസ്കാരച്ചടങ്ങുകൾ കോന്നിയിലെ വനം വകുപ്പിെൻറ ആനശ്മശാനത്തിൽ നടന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ആനയുടെ ജഡം കല്ലേലി നടുവത്തുമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. നിയമനടപടികൾക്കുശേഷം രാവിലെ പത്തരയോടെ കല്ലേലി ഉളിയനാട് 1970 തേക്ക് പ്ലാേൻറഷൻ ഭാഗത്തെ ആന ശ്മശാനത്തിൽ എത്തിച്ച് കൊമ്പുകൾ നീക്കി. വനം വകുപ്പിെൻറ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. വൈകുന്നേരത്തോടെ സംസ്കരിച്ചു.
ആനയുടെ കുടലിൽ അണുബാധ
അമ്പലപ്പുഴ: ചെരിഞ്ഞ ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണെൻറ കുടലിൽ പഴുപ്പ് ബാധിച്ചിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. മൃഗസംരക്ഷണ വകുപ്പ് വിദഗ്ധ സർജെൻറ നേതൃത്വത്തിലായിരുന്നു കൊമ്പെൻറ പോസ്റ്റ്മോർട്ടം. കുടലിൽ വ്രണങ്ങൾ രൂപപ്പെട്ട് പഴുപ്പ് ബാധിച്ചതാകാമെന്നാണ് നിഗമനം. അണുബാധയുണ്ടായതായും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറയുന്നു. കോന്നിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച പോസ്റ്റ്മോർട്ടം വൈകീട്ട് മൂന്നുവരെ നീണ്ടു.
രാസപരിശോധനയിേല കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കുടലിലെ വ്രണങ്ങളും പഴുപ്പുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അവശനിലയായ ആനയെ അമ്പലപ്പുഴ ദേവസ്വം ബോർഡ് അസി. കമീഷണർ ഓഫിസിന് സമീപം തളച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തെ ആനത്തറയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീണു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും 51 വയസ്സുള്ള ആനയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ആനയെ മർദിച്ചെന്ന പരാതിയിൽ ഒന്നാം പാപ്പാൻ തിരുവനന്തപുരം സ്വദേശി പ്രദീപിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. ആനക്ക് വിശ്രമം പറഞ്ഞിട്ടും നിരന്തരം എഴുന്നള്ളിച്ചതായും മർദിച്ചതായും ഭക്തരും നാട്ടുകാരും ആരോപിച്ചിരുന്നു.