അയ്യപ്പ സംഗമം, സ്വർണപ്പാളി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ലാതെ ദേവസ്വം മന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിലും ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലും നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളിൽ ഉരുണ്ടുകളിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സ്വർണപ്പാളി അടക്കമുള്ള വിലകൂടിയ വസ്തുക്കൾ അറ്റകുറ്റ പ്രവൃത്തികൾക്കായി കൊണ്ടുപോകുന്നതിന് ഹൈകോടതിയുടെ മുൻ അനുമതി വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടോയെന്ന റോജി എം. ജോണിന്‍റെ ചോദ്യത്തിന് ശ്രീകോവിലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഹൈകോടതി നിയോഗിച്ചിട്ടുള്ള സ്പെഷൽ കമീഷണറെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു. എങ്കിൽ, ദ്വാരപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഹൈകോടതിയുടെ അനുമതിയോടെയാണോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം മന്ത്രിക്കുണ്ടായിരുന്നില്ല.
സ്വർണപ്പാളിയും പീഠവും ഉണ്ണികൃഷ്ണൻ പോറ്റി 39 ദിവസം കൈവശം വെക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന സി. ആർ.മഹേഷിന്‍റെയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെയും ചോദ്യത്തോടും വിഷയത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മാത്രമായിരുന്നു മറുപടി. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ ലഭിച്ച തുകയുടെയും ആകെ ചെലവായ തുകയുടെയും വിശദാംശങ്ങൾ എ.പി അനിൽകുമാർ ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ നൽകിയില്ല.
പകരം ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്, മറ്റ് വിവിധ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്ത സ്പോൺസർഷിപ്പ് തുക ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നെന്ന് മാത്രമായിരുന്നു മറുപടി.
വീഴ്ച, സമ്മതിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ പാളികൾ 2019ൽ സ്വർണം പൂശാനായി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചകളുണ്ടായെന്ന് സമ്മതിച്ച് മന്ത്രി വി.എൻ. വാസവൻ. ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം പാളികൾ കൊടുത്തുവിടാന്‍ പാടില്ലായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ ഒപ്പം പോകണമായിരുന്നു. അതിൽ വീഴ്ച പറ്റി. തിരിച്ചു കൊണ്ടുവന്നപ്പോഴും കണക്ക് തൂക്കി പരിശോധിക്കേണ്ടതായിരുന്നുവെന്നും വാർത്താസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. അക്കാലത്തെ ദേവസ്വം പ്രസിഡന്റിന് വീഴ്ചയുണ്ടായോ എന്നത് കോടതി നിയോഗിച്ച അന്വേഷണ സംഘം പരിശോധിക്കട്ടെ. ഹൈകോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതിനെ സ്വാഗതം ചെയ്യുന്നു. 1999 മുതല്‍ ഇതുവരെയുള്ള കാര്യങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് മൂന്ന് കോടി നൽകിയെന്ന്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് മൂന്ന് കോടി രൂപ മുന്‍കൂറായി നല്‍കിയിരുന്നുവെന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി. ഇത് ഹൈകോടതി പറഞ്ഞതിന് വിരുദ്ധമല്ല. ദേവസ്വം ബോർഡിന് ഇതിന് ഒരു ബാധ്യതയുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

