ശബരിമല സ്വർണക്കൊള്ള: വാസുവിനെ ഉടൻ അറസ്റ്റ് ചെയ്യണം; വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങും-വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ രേഖകളില്‍ ചെമ്പാക്കിയത് എന്‍. വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ വാസുവിനെ അറസ്റ്റു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണം ബാക്കിയുണ്ടെന്നും വിവാഹാവശ്യത്തിന് ഉപയോഗിക്കാമെന്നും അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി 2019 ഡിസംബര്‍ ഒമ്പതിന് എന്‍. വാസുവിന് ഇ-മെയില്‍ അയച്ചിരുന്നു. ഇക്കാര്യം വാസുവും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ വ്യക്തിയാണ് എന്‍.വാസു. വാസു കമ്മിഷണറായിരുന്ന കാലത്താണ് യുവതിപ്രവേശനം ഉള്‍പ്പെടെ നടന്നത്. കമ്മിഷണര്‍ സ്ഥാനത്തു നിന്നിറങ്ങി ഏതാനും മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തയത് അദ്ദേഹത്തിന് സി.പി.എമ്മിലും സര്‍ക്കാരിലുമുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് സാമാന്യ ബോധമുളളവര്‍ക്ക് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് കൊണ്ടു പോകുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. ഇതുതന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്. ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടു.
2018 മുതല്‍ 2025 വരെ ശബരിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. കൊള്ളസംഘത്തെ ചവിട്ടി പുറത്താക്കുന്നതിനു പകരം അവരുടെ കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാറും സി.പി.എമ്മും ശ്രമിക്കുന്നത്. സ്വര്‍ണക്കൊള്ളയിലെ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് മറച്ചുവയ്ക്കാനാണിത്. ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ ശ്രമിച്ചാല്‍ അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

