അയ്യപ്പ സംഗമ നഷ്ടത്തിൽ നിന്ന് കരകയറുക ദേവസ്വം ബോർഡിന് ശ്രമകരം
text_fieldsതിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയ വകയിലുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കങ്ങൾ ദുഷ്കരം. സംഗമത്തിനായി അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ലഭിച്ചാലും നഷ്ടത്തിൽ നിന്നും കരകയറാൻ 2.45 കോടി കണ്ടെത്താൻ മറ്റ് മാർഗങ്ങൾ തേടേണ്ടിവരും. സംഗമത്തിലെ ധൂർത്താണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. ടെൻഡർ നടപടികളോ മാനദണ്ഡങ്ങളോ പാലിക്കാതെ പത്ത് ശതമാനം അധികതുക നൽകി ഊരാളുങ്കലിന് കീഴിലുള്ള സ്ഥാപനത്തിന് സംഗമത്തിന്റെ നടത്തിപ്പ് ചുമതല നൽകിയതിനൊപ്പം കണക്കുകളിൽ വ്യക്തതയില്ലാത്തതും പ്രശ്നമായിട്ടുണ്ട്. കണക്കുകളിലെ പാളിച്ച ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും ഉദ്യോഗസ്ഥരുടേയും തലയിൽ കെട്ടിവച്ചാലും ബാധ്യത തീർക്കേണ്ടിവരിക ബോർഡിന് തന്നെയാകും.
സംഗമത്തിന്റെ നടത്തിപ്പിനായി ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരള ബാങ്ക് ഒരു കോടിയും സ്പോൺസർഷിപ്പും ഇനത്തിൽ നൽകി. ഒരു കോടി രൂപ ഉടൻ കൈമാറുമെന്ന് അദാനി ഗ്രൂപ്പും അറിയിച്ചിട്ടുണ്ട്. എന്നാൽ, സ്പെഷൽ കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ച കണക്ക് പ്രകാരം ഈവന്റ് ഗ്രൂപ്പിനും ഹോട്ടലുകൾക്കുമായി 4.35 കോടി കൊടുത്തു തീർക്കാനുണ്ട്. അതായത്, ചെലവ് 6.35 കോടി രൂപയാണ്. അഞ്ച് കോടിയിലേറെ ചെലവായെന്ന് ദേവസ്വം ബോർഡും സമ്മതിക്കുന്നു. ദേവസ്വം ബോർഡിന്റെ ഫണ്ടെടുത്ത് സംഗമം നടത്തരുതെന്ന് ഹൈകോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. അതിനാൽ ലഭിച്ച സ്പോൺസർഷിപ് തുക ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചു. കരാറുകാരോട് തുക കുറക്കാനും ചാർട്ടേർഡ് അക്കൗണ്ടിനെ വിളിച്ച് കണക്കുകൾ തിരുത്താനുമൊക്കെ ബോർഡ് ഉദ്ദേശിക്കുന്നു. നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം ഇക്കാര്യങ്ങൾക്കെല്ലാമാണ് രൂപം നൽകുക.
പുതിയ സ്പോൺസർമാരെ കൊണ്ടുവരാനുള്ള ശ്രമവും നടത്താനാണ് ദേവസ്വം ബോർഡ് നീക്കം. എന്നാൽ, നടന്ന ഒരു പരിപാടിക്ക് എങ്ങനെ സ്പോൺസർമാരെ കിട്ടുമെന്ന ചോദ്യം ബാക്കി.
സ്വർണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം
തിരുവനന്തപുരം: ശബരിമല ശ്രീ കോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തൽ. ശബരിമലയിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്ത വിദഗ്ധരാണ് ആസിഡ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് വിവരം. കാലക്രമേണ ഈ ഭാഗങ്ങൾ ദ്രവിക്കാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയ അറിവില്ലാതെ അപ്രൈസർമാർ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ പലകാലത്തായി ആസിഡ് ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നാണ് സംശയിക്കുന്നത്. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കൻ സാമ്പിളുകൾ എടുത്ത് പരിശോധിക്കുന്നതിന് പകരം നേരിട്ട് ആസിഡ് പ്രയോഗിച്ചതാണ് പ്രശ്നമായതെന്നാണ് കരുതുന്നത്. ഇത്തരത്തിൽ അപ്രൈസർമാർ ആസിഡ് നേരിട്ട് പ്രയോഗിക്കുന്നത് തടയണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

