ഉദ്യോഗസ്ഥവീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന
text_fieldsശബരിമല
പറവൂർ (കൊച്ചി): ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ വീഴ്ച ശരിവെച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളി കൊടുത്തുവിടരുതായിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചു. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അയ്യപ്പ സംഗമത്തെ എതിർത്തവരാണ് വിവാദത്തിന് പിന്നിൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബോർഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. എന്നാൽ, ആരോപിച്ചയാൾതന്നെ പ്രതിയാകുന്ന സ്ഥിതിയാണ്. ശബരിമല എന്ന പവിത്രമായ ആരാധനാലയത്തെ സംശയനിഴലിൽ നിർത്തി മുന്നോട്ടുപോകാൻ ആർക്കും സാധിക്കില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട, 1999 മുതൽ 2025 വരെയുള്ള എല്ലാ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെടും. അതുതന്നെയാണ് ദേവസ്വം മന്ത്രിയുടെയും നിലപാട്.
തങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ശബരിമലയിലെ സ്വർണം ഇടപാടുമായി ബന്ധപ്പെട്ട രജിസ്‌റ്ററുകൾ കൃത്യമാണ്. ക്ഷേത്രമുതൽ അറ്റകുറ്റപ്പണിക്ക് പുറത്ത് കൊണ്ടുപോകുന്നതിൽ തെറ്റില്ല. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയുടേതാണ്.
മാന്വൽ പ്രകാരം സ്വർണം അറ്റകുറ്റപ്പണിക്ക് സന്നിധാനത്തിന് പുറത്ത് കൊണ്ടുപോകാനാകില്ലെന്ന വാദം ശരിയല്ല. താൻ പ്രസിഡന്റായ ശേഷം അഞ്ച് തവണ കൊടിമരം പ്ലേറ്റിങ്ങിന് ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ട്.
സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞത് കമ്പനിയോട് ചോദിക്കണം- ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന്നൈയിലെ കമ്പനിയോട് ചോദിക്കണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കൾ എങ്ങനെ ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോയെന്ന ചോദ്യത്തിന് ദേവസ്വം ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനൊന്നും മോഷ്ടിച്ചിട്ടില്ല. രേഖകൾ പ്രകാരവും നിയമപ്രകാരവുമായിരിക്കുമല്ലോ തനിക്ക് പാളികൾ സ്വർണം പൂശാനായി തന്നത്. തനിക്ക് പറയാനുള്ളത് കോടതിക്ക് മുമ്പിലും അന്വേഷണ ഉദ്യോഗസഥരോടും പറയും. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ട ബാധ്യതയില്ല. പീഠം വീട്ടിലെത്തിച്ചിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല, സഹോദരിയുടെ വീട്ടിലേക്ക് എന്തിനു മാറ്റി തുടങ്ങിയ ചോദ്യങ്ങളോടും പോറ്റി പ്രതികരിച്ചില്ല.
തിരുവിതാംകൂർ ദേവസ്വം നിയമ ഭേഭഗതിക്ക് നീക്കം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഭരണകാലാവധി നീട്ടാൻ നിയമഭേദഗതി ചെയ്ത് ഓഡിനൻസ് ഇറക്കാൻ സർക്കാർ നീക്കം. പി.എസ്. പ്രശാന്ത് പ്രസിഡന്‍റായുള്ള ബോർഡിന്‍റെ കാലാവധി അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെയാണ് നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്.
നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ ഓർഡിനൻസ് കൊണ്ടുവരും. നിലവിൽ രണ്ടുവർഷമാണ് കാലാവധി. നേരത്തെ മൂന്നുവർഷമായിരുന്നത് ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെയാണ് കാലാവധി രണ്ടുവർഷമായി വെട്ടിച്ചുരുക്കിയത്. അന്നത്തെ പ്രസിഡന്‍റായിരുന്നു പ്രയാർ ഗോപാലകൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു സർക്കാർ നടപടി. എന്നാൽ ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലെ ദീർഘകാലപദ്ധതികൾ നടപ്പാക്കുന്നതിന് രണ്ടുവർഷ കാലാവധി തടസ്സമാണെന്നുകാട്ടി ദേവസ്വം ബോർഡ് സെക്രട്ടറി ദേവസ്വം വകുപ്പിന് കത്ത് നൽകിയിരുന്നു.
നിലവിലെ രീതിയനുസരിച്ച്, ശബരിമല തീർഥാടനം ആരംഭിക്കുന്നതിന്‍റെ തലേദിവസമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയും ഒരു അംഗത്തെയും നിയമിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രായോഗിക പ്രശ്നങ്ങൾ ഒട്ടേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

