അയ്യപ്പ സംഗമത്തിനുമുമ്പ് സത്യവാങ്മൂലം തിരുത്താൻ ആലോചനയുമായി ദേവസ്വം ബോർഡ്
text_fieldsകോട്ടയം: അയ്യപ്പസംഗമത്തിന് മുമ്പായി ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്താനുള്ള ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബി.ജെ.പി, കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള ആവശ്യവും എൽ.ഡി.എഫ് മുൻ നിലപാടിൽനിന്ന് അയഞ്ഞതുമാണ് ഇതിന് ദേവസ്വംബോർഡിനെ പ്രേരിപ്പിക്കുന്നത്. വിമർശനങ്ങളും വിവാദങ്ങളുമില്ലാതെ ഈ മാസം 20ന് അയ്യപ്പസംഗമം നടത്തുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. അതിനാൽ അയ്യപ്പസംഗമത്തിന് മുമ്പായി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനത്തിലെത്താനുള്ള നീക്കത്തിലാണ് ദേവസ്വംബോർഡ്.
ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. ശബരിമലയുടെ ആചാരം, അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാട്. നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സത്യവാങ്മൂലം പിന്‍വലിക്കണമെന്ന ആവശ്യം ബി.ജെ.പിയും ഹൈന്ദവസംഘടനകളും ഉന്നയിച്ചിട്ടുണ്ട്. അതിന് സമാനമായ നിലപാടിലേക്കാണ് ഇപ്പോൾ യു.ഡി.എഫും. മുൻ നിലപാട് തിരുത്തിയാൽ അയ്യപ്പസംഗമത്തോട് സഹകരിക്കുന്നത് ആലോചിക്കാമെന്ന നിലപാടിലാണ് അവർ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്ന് ബോർഡ് വൃത്തങ്ങളും ആവർത്തിക്കുന്നു.
സത്യവാങ്മൂലം തിരുത്തുന്ന വിഷയത്തിൽ സർക്കാറിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ദേവസ്വം ബോര്‍ഡ്. മത, സാമുദായിക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതുസംബന്ധിച്ച് നടത്തിയെന്ന സൂചനയുമുണ്ട്. അയ്യപ്പസംഗമവുമായി മുന്നോട്ടുപോകുമെന്നും യുവതീപ്രവേശനം അടഞ്ഞ വിഷയമാണെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശവും ഇടതുമുന്നണിക്ക് എതിർപ്പില്ലെന്ന സൂചന നൽകുന്നതാണ്.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് ഒരുകാരണം 2019ൽ നൽകിയ സത്യവാങ്മൂലമായിരുന്നു. ഇപ്പോൾ ഈ സത്യവാങ്മൂലത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള വിവാദങ്ങളും മുറുകുകയാണ്. യുവതീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയിട്ടില്ലെന്നാണ് ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ഇപ്പോൾ പറയുന്നത്. സാവകാശ ഹരജിയാണ് നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

